ആലപ്പുഴയിൽ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജ പരാതി നൽകി എസ്ഐ. ആലപ്പുഴ ടൂറിസം പൊലീസിലെ എസ് ഐ പ്രമോദ് ആണ് മണ്ണഞ്ചേരി പൊലീസിൽ വ്യാജ പരാതി നൽകിയത്. പ്രമോദ് സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ച് അപകടമുണ്ടായി എന്നായിരുന്നു പരാതി. പരാതി വ്യാജമെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും സഹപ്രവർത്തകനെ സഹായിക്കാൻ സ്പെഷ്യൽ റിപ്പോർട്ട് നൽകാതെ മണ്ണഞ്ചേരി പൊലീസും ഒത്തുകളിച്ചു. ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ എസ് പി വ്യക്തമാക്കി
പൊലീസ് ഉദ്യോഗസ്ഥൻ കുറ്റം ചെയ്താൽ സഹപ്രവർത്തകനെ സംരക്ഷിക്കാൻ പൊലീസ് തന്നെ ഇറങ്ങും എന്നതിന്റെ ഉദാഹരണമാണ് ആലപ്പുഴയിൽ നടന്നത്. ടൂറിസം പൊലീസിലെ എസ്ഐ ആയ പ്രമോദ് സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വണ്ടിയിടിച്ച് അപകടമുണ്ടായി എന്നായിരുന്നു പരാതി. ഫെബ്രുവരി പതിനൊന്നാം തീയതി നടന്ന അപകടത്തിൽ പ്രമോദ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത് ഫെബ്രുവരി 27-ാം തീയതി. പരാതി അന്വേഷിച്ച പൊലീസിന് എസ് ഐ നൽകിയത് വ്യാജ പരാതിയാണെന്ന് വ്യക്തമായി. എസ്ഐയുടെ വാഹനത്തിൽ വണ്ടി ഇടിപ്പിച്ചു എന്നു പറഞ്ഞവരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ കള്ളത്തരം പുറത്തുവന്നു. എസ് ഐ പറഞ്ഞിട്ടാണ് മൊഴി നൽകിയത് എന്ന് ഇവർ മണ്ണഞ്ചേരി പൊലീസിന് മൊഴി നൽകി. ഇതോടെ വ്യാജ പരാതി നൽകിയ എസ്ഐക്കെതിരെ നടപടി ഒഴിവാക്കാനായി ശ്രമം. പൊലീസ് അസോസിയേഷനുകാർ ഉൾപ്പെടെ ഇടപെട്ട് പ്രമോദിനെ സംരക്ഷിക്കാൻ റിപ്പോർട്ട് നൽകുന്നത് വൈകിപ്പിച്ചു. ഇൻഷുറൻസ് കമ്പനിയെ വഞ്ചിക്കാൻ ശ്രമിച്ചതിനും, വ്യാജ പരാതി നൽകിയതിനും പ്രമോദിനെതിരെ കേസെടുക്കേണ്ടി വരുമായിരുന്നു.
ബിഗ് ടിവി സംഭവം പുറത്തുവിട്ടതോടെ എസ്പി കേസിൽ ഇടപെട്ടു. ടൂറിസം എസ് ഐ പ്രമോദിനെതിരെ വകുപ്പുതല നടപടികൾക്ക് നിർദേശം നൽകിയതായി എസ് പി അറിയിച്ചു. അതേസമയം കുറ്റം ചെയ്ത എസ്ഐയെ സംരക്ഷിക്കാൻ സ്പെഷ്യൽ റിപ്പോർട്ട് നൽകാതെ വഴിവിട്ട സഹായം ചെയ്ത മണ്ണഞ്ചേരി സിഐക്കെതിരെയും നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.
