നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ശബ്ദ സന്ദേശം പുറത്ത്. കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന വിവരം പറഞ്ഞ് അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഹെൽപ്പ് ലൈനിൽ വിളിക്കുന്നതിന്റെ ശബ്ദസന്ദേശമാണ്
പുറത്തുവന്നത്. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരങ്ങളെല്ലാം ഹെൽപ് ലൈനിൽ അറിയിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഉപദ്രവിക്കപ്പെടുന്ന വിവരം അധികൃതരെ അറിയിച്ച് 26 ആം ദിവസമാണ് കുഞ്ഞ് കൊല്ലപ്പെടുന്നത്.കുഞ്ഞിന്റെ കൈ ഒടിഞ്ഞ സംഭവത്തെ തുടർന്ന് മെയ് മൂന്നിനാണ് അമ്മൂമ്മ റീന ചൈൽഡ് ഹെൽപ് ലൈനിൽ വിളിച്ചത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനുമായി ഏകദേശം 16 മിനിറ്റ് നീണ്ട സംഭാഷണമാണ് പുറത്തുവന്ന ശബ്ദസന്ദേശത്തിലുള്ളത്. കുട്ടിയുടെ കൈ ഒടിഞ്ഞ സാഹചര്യങ്ങളും നിരന്തരമായി നേരിടുന്ന പീഡനങ്ങളും റീന വിശദമായി ഉദ്യോഗസ്ഥനെ അറിയിക്കുന്നുണ്ട്.
എന്നാൽ പരാതിക്ക് പിന്നിൽ മറ്റ് കുടുംബപ്രശ്നങ്ങളുണ്ടെന്ന തരത്തിലാണ് ഉദ്യോഗസ്ഥൻ പ്രതികരിക്കുന്നത്. കുട്ടിയെ അമ്മയുടെ പങ്കാളിയായ അഷ്കർ ഉപദ്രവിക്കുന്നുണ്ടെന്ന സംശയവും റീന സംഭാഷണത്തിനിടെ പ്രകടിപ്പിക്കുന്നുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ഉയർത്തിയിട്ടും തുടർന്ന് കാര്യമായ ഇടപെടലോ അന്വേഷണം തന്നെയോ നടന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.പരാതി നൽകിയതിന് 26-ാം ദിവസമാണ് ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. പരാതി ലഭിച്ചിട്ടും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാത്തത് ചൈൽഡ് പ്രൊട്ടക്ഷൻ സംവിധാനത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്.അതേസമയം, മരണത്തിന് മുമ്പ് കുഞ്ഞ് അതിക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ കുഞ്ഞിന്റെ അമ്മ അഖിലയും അമ്മയുടെ പങ്കാളി അഷ്കറും പ്രതികളാണ്. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണുള്ളത്.പുറത്തുവന്ന ഓഡിയോ സന്ദേശം കേസിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. പരാതി ലഭിച്ചിട്ടും കുട്ടിയെ സംരക്ഷിക്കാൻ ബന്ധപ്പെട്ട സംവിധാനങ്ങൾ എന്തുകൊണ്ട് ഇടപെട്ടില്ലെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
