ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഐഎമ്മിന്റെ മുതിർന്ന നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പദ്മകുമാറിനെതിരെ നടപടിക്കൊരുങ്ങി പത്തനംതിട്ട ജില്ലാ കമ്മിറ്റി. പുറത്താക്കൽ അല്ലെങ്കിൽ തരംതാഴ്ത്തൽ നടപടി സ്വീകരിക്കുമെന്നാണ് സൂചന. പാർട്ടിയുമായി അകന്നുനിൽക്കുന്ന പദ്മകുമാർ കഴിഞ്ഞയാഴ്ചയാണ് പാർട്ടി അംഗത്വം പുതുക്കിയത്. പുറത്താക്കൽ ആണ് നടപടിയെങ്കിൽ പദ്മകുമാർ ചില വെളിപ്പെടുത്തലുകൾ നടത്തുമെന്നും സൂചനയുണ്ട്.
തിങ്കളാഴ്ച ചേരുന്ന സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുതിർന്ന നേതാവ് എ പദ്മകുമാറിനെതിരെ അച്ചടക്കനടപടി തീരുമാനിക്കുക. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പാർട്ടിയുമായി അകന്ന് കഴിയുകയാണ് പദ്മകുമാർ. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും പദ്കുമാറിനെ ഒഴിവാക്കിയിരുന്നു. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് ആയിരുന്നപ്പോൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്ന് ചൂണ്ടിക്കാണിച്ച് പദ്മകുമാറിന് നോട്ടീസും നൽകിയിരുന്നു.
എന്നാൽ പദ്മകുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നാളിതുവരെ സ്വീകരിച്ചുവന്നത്. കുറ്റപത്രം സമർപ്പിക്കാതെ ഒരാൾ എങ്ങനെ പ്രതിയാകും എന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട സ്ഥിതിക്ക് ജില്ലാ കമ്മിറ്റി നടപടി സ്വീകരിച്ചേ മതിയാകൂ.
അങ്ങനെയെങ്കിൽ 30 വർഷത്തിലധികമായി ജില്ലാ കമ്മിറ്റിയിൽ തുടരുന്ന പദ്മകുമാറിന് അത് കനത്ത തിരിച്ചടിയാകും. തുടർന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ പദ്മകുമാർ നടത്താനും സാധ്യതയുണ്ട്.
ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്ത് കൊടുത്തതിലും, തെറ്റായി കാര്യങ്ങൾ രേഖകൾ രേഖപ്പെടുത്തിയത്തുമാണ് എ പദ്മകുമാർ അറസ്റ്റിലായത്.
