ആലപ്പുഴ ചേർത്തലയിൽ മുന്നൂറിലേറെ വീടുകൾ വെള്ളത്തിലായതോടെ മലിനജലത്തിൽ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത നിർമാണത്തിലെ അപാകതയെ തുടർന്ന് എ എസ് കനാലിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചതോടെയാണ് വീടുകളിൽ വെള്ളം കയറിയത്. പി പ്രസാദ് അടക്കമുള്ള ജനപ്രതിനിധികളും പരസ്യപ്രതിഷേധവുമായി രംഗത്തെത്തി.
ഇരുപത് മീറ്റർ വീതിയിൽ വെള്ളമൊഴുകിയിരുന്ന എ എസ് കനാലിലെ പുത്തൻതോട്, ദേശീയപാത നിർമാണത്തിനായി നാല് മീറ്ററിലേക്ക് ഒതുക്കി. ഇതോടെ കുത്തിയൊഴുകി വരുന്ന വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് നിലച്ചു. ചേർത്തല മുൻസിപ്പാലിറ്റിയിലെ ഏഴ് വാർഡുകളിലെ മുന്നൂറിൽ അധികം വീടുകൾ വെള്ളത്തിലായി. ശുചിമുറി മാലിന്യമടക്കം വീടുകളിലേക്ക് എത്തിയതോടെ സഹികെട്ട ജനങ്ങൾ എ എസ് കനാലിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു. പ്രതിഷേധം കനത്തതോടെ ജനപ്രതിനിധികൾ അടക്കം സ്ഥലത്തെത്തി. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയ നിർമാണങ്ങളാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്ന വിവിധ യോഗങ്ങളിൽ എ എസ് കനാലിലെ പ്രശ്നം പരിഹരിക്കാം എന്ന് ദേശീയപാത അതോറിറ്റി ഉറപ്പുനൽകിയിരുന്നു. ഇത് പാലിക്കപ്പെട്ടില്ല. പ്രശ്നം പരിഹരിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ പി പ്രസാദ് അടക്കമുള്ള ജനപ്രതിനിധികൾ തിരുവിഴയിലെ എൻഎച്ച്എഐ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ഓഫീസിലേക്ക് വന്ന വാഹനങ്ങൾ അടക്കം ജനപ്രതിനിധികൾ തടഞ്ഞു.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ അഹങ്കാരം വെച്ചുപൊറുപ്പിക്കില്ല എന്നും ജനപ്രതിനിധികൾ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി അടിയന്തര ഇടപെടൽ ഇന്ന് രാത്രി തന്നെ ഉണ്ടായില്ലെങ്കിൽ നാളെ കൂടുതൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം തുടരാനാണ് ചേർത്തല നഗരസഭയുടെ തീരുമാനം.
