സംസ്ഥാന, ജില്ലാ തലങ്ങളിൽ പ്രാദേശിക സമരങ്ങളുമായി മുന്നോട്ട് പോകും. ദീപാവലി കഴിയും വരെ ദില്ലി കേന്ദ്രീകരിച്ചുള്ള സമരത്തിന് ഇളവ് നൽകി. രാഷ്ട്രപതിയെ കാണുന്നതിന് നേതാക്കൾ ഉടൻ സമയം തേടും.
മഹാറാലിയുടെ ഊർജം നിലനിർത്തി ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി തുടർ സമരങ്ങളുടെ പണിപ്പുരയിലാണ് പ്രതിപക്ഷം. നിയമസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും. സുപ്രീം കോടതിയിലെ ഹർജികളെ ആശ്രയിക്കുന്നതിനൊപ്പം രാഷ്ട്രപതിയെ ഈയാഴ്ച വീണ്ടും കണ്ട് വോട്ട് കൊള്ളയുടെ തെളിവുകളെല്ലാം സമർപ്പിക്കും. ഇന്ത്യ മുന്നണി നേതാക്കൾ കൂടിയാലോചന നടത്തി കൃത്യമായ ഇടവേളകളിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും.
ദേശീയതലത്തിൽ ദീപാവലി ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ വലിയ പ്രകടനങ്ങൾ ഉണ്ടാകില്ല. പ്രതിപക്ഷ പ്രചാരണങ്ങൾക്കെതിരെ ബദൽ സമരവുമായി ബിജെപി കളത്തിലിറങ്ങിയിട്ടുണ്ട്. ഹൈദരബാദിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പശ്ചിമ ബംഗാളിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിൻ്റെയും നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണ ജാതകൾ നടക്കും. അതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്നലത്തെ റാലിക്കിടെ എൺപത്തിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തുവെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
