കൊച്ചിയിൽ തൊണ്ടിമുതലുകളുടെ സംരക്ഷണം പൊലീസിനും കോടതിക്കും വെല്ലുവിളിയായി മാറുകയാണ്. ഓപ്പറേഷൻ തൂഫാനിലൂടെ പിടികൂടിയ ലക്ഷങ്ങൾ വിലയുള്ള ലഹരി മരുന്നാണ് എസ്ഐ മോഷ്ടിച്ചതെങ്കിൽ കോടതിയിൽ നിന്ന് കവർന്നത് ലക്ഷങ്ങൾ വിലയുള്ള വാച്ചുകൾ. കൂടുതലെന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് ഉറപ്പിക്കാൻ സമഗ്രമായ അന്വേഷണം വേണ്ടിവരും.
മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണക്കേസ്. ലഹരിക്കടത്ത് കേസ് അട്ടിമറിക്കാൻ ലഹരികടത്തിയ അടിവസ്ത്രം തന്നെ അടിച്ചുമാറ്റി ചെറുതാക്കി പ്രതിയെ രക്ഷിക്കാൻ കാണിച്ച അതിബുദ്ധി. കേസ് ജയിക്കാനും തോൽക്കാനും തൊണ്ടിമുതലിനെ ഉന്നംവെയ്ക്കുന്ന രീതി വർഷങ്ങൾക്ക് മുൻപേ ഉണ്ട്. സമീപകാലത്ത് അത്തരം മോഷണങ്ങൾ തുടർക്കഥയാകുകയാണ്. ആ പട്ടികയിൽ ഒടുവിലത്തെ രണ്ട് കേസുകൾ കൊച്ചിയിൽ നിന്നാണ്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മുപ്പതാം തീയതി അടുത്തടുത്തായി രജിസ്റ്റർ ചെയ്തത് രണ്ട് തൊണ്ടിമുതൽ മോഷണക്കേസുകൾ. ഒരുകേസിന് ഇടയാക്കിയത് ബിഗ്ടിവിയുടെ ഇടപെടലെങ്കിൽ രണ്ടാമത്തെ കേസിന് ഇടപെടൽ നടത്തിയത് കോടതി. ക്രൈംനമ്പർ 1185/2026ൽ പ്രതി സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസ് തൗഫീക്ക്. ഓപ്പറേഷൻ തൂഫാനിൽ എളമക്കര പൊലീസ് പിടിച്ചെടുത്ത 87 ഗ്രാം എംഡിഎംഎയാണ് അനസ് അടിച്ചുമാറ്റിയത്. നശിപ്പിക്കാനുള്ള ലഹരിവസ്തുക്കളുടെ പട്ടിക തയാറാക്കുന്നതിനിടെയാണ് ലക്ഷങ്ങൾ വിലയുള്ള എംഡിഎംഎ നഷ്പ്പെട്ടതായി കണ്ടെത്തുന്നത്. അന്വേഷണത്തിൽ മുറിയിൽ അനസ് കയറിയിറങ്ങുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഇത് മനസിലാക്കിയ അനസ് അടുത്ത ദിവസം മറ്റൊരു പായ്ക്കറ്റ് ഇതേ സ്ഥാനത്ത് എത്തിച്ചു. മോഷ്ടിച്ച 87 ഗ്രാമിന് പകരമെത്തിയത് 200 ഗ്രാം തൂക്കമുള്ള പായ്ക്കറ്റ്. തൊണ്ടിമുതൽ മോഷണം പൂഴ്ത്താൻ പൊലീസ് പരമാവധി ശ്രമിച്ചു. എന്നാൽ ബിഗ്ടിവിയുടെ ഇടപെടലോടെ എസ്ഐയെ സസ്പെൻഡ് ചെയ്തു. മണിക്കൂറുകൾക്കകം കേസെടുത്ത് അനസിനെ അറസ്റ്റ് ചെയ്തു. എന്തിനായിരുന്നു മോഷണം, എംഡിഎംഎ വിറ്റത് ആർക്ക് എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. തൊട്ടടുത്ത ക്രൈംനമ്പർ 1186/2026 എറണാകുളം ജില്ലാ കോടതിയിലെ തൊണ്ടിമുതൽ മോഷണം. ഇവിടെ മോഷ്ടാവ് ആരെന്ന് ഉറപ്പിക്കാനായിട്ടില്ല. പത്ത് വർഷത്തിനിടെ നഷ്ടപ്പെട്ടത് 124 തൊണ്ടിമുതലുകൾ. ഒരു സ്യൂട്ട്കേസിലായി സൂക്ഷിച്ച വാച്ചുകളാണ് നഷ്ടപ്പെട്ടതെന്നാണ് സൂചന. 2016ൽ സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലായ റാഡോ വാച്ചിനായി നടത്തിയ തിരച്ചിലിലാണ് വൻകൊള്ള പുറത്തായത്. ഒരു സ്യൂട്ട്കേസിലാണ് വിവിധ കേസുകളിലെ തൊണ്ടിമുതലുകളായ വാച്ചുകൾ സൂക്ഷിച്ചിരന്നത്. ലക്ഷങ്ങൾ വിലയുള്ളതും വലിയ വിലയില്ലാത്ത വാച്ചുകളും കൂട്ടത്തിലുണ്ടായിരുന്നു. പൂർണമായും കോടതിയുടെ സംരക്ഷണയിലുള്ളതും പൊലീസിന്റെ കാവലുമുള്ള മുറിയിൽ നിന്നാണ് തൊണ്ടിമുതൽ കള്ളൻ കൊണ്ടുപോയത്. കള്ളൻ കപ്പലിൽ തന്നെയെന്ന് നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം. മോഷണത്തിൽ പൊലീസിന് പുറമെ ജഡ്ജിമാരുടെ നേതൃത്വത്തിലുമാണ് അന്വേഷണം.
