സ്ഥലം മാറ്റ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചതോടെയാണ് അധ്യാപകൻ തിരിച്ചെത്തിയത്. ഹൈദരാബാദിലേക്ക് പോയ വിനോദയാത്രയിൽ മദ്യപാന ആരോപണം ഉയർന്നതോടെയാണ് പ്രതിഷേധവും അന്വേഷണവും നടന്നത്. സ്കൂളിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരും പിടിഎ ഭാരവാഹികളും അടങ്ങുന്ന സംഘം ഹൈദരാബാദിലേക്ക് വിനോദയാത്ര പോയത് കഴിഞ്ഞ 25ന്. യാത്രയുടെ അവസാന ദിവസം രാത്രിയോടെ വിദ്യാർഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു. മദ്യപിച്ചെന്ന ആരോപണമുയർത്തി പ്രിൻസിപ്പലിനെയും പിടിഎ പ്രസിഡൻറിനെയും ചോദ്യം ചെയ്യുന്നതടക്കം ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
തൊട്ടടുത്ത ദിവസം സംഘം മടങ്ങിയെത്തുമ്പോൾ സ്കൂളിന് മുന്നിൽ പ്രതിഷേധമായിരുന്നു. ഇതിൽ രക്ഷിതാക്കളും യുഡിഎഫ് പ്രവർത്തകരും ഉണ്ടായിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ അധ്യാപകനെ സ്കൂളിലേക്ക് കയറ്റാൻ അനുവദിച്ചില്ല. അധ്യാപകൻ വൈദ്യപരിശോധനയ്ക്ക് വിധേയനാകണം എന്നായിരുന്നു ആവശ്യം. പൊലീസ് സാന്നിധ്യത്തിൽ രക്തപരിശോധനയ്ക്ക് ഷിവി കൃഷ്ണൻ തയാറായി. എന്നാൽ മൂത്രപരിശോധന വേണമെന്ന ആവശ്യം അംഗീകരിച്ചതുമില്ല. രക്തപരിശോധന ഫലത്തിൽ മദ്യത്തിൻറെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതിനിടയിൽ വിദ്യാർഥികൾ പ്രിൻസിപ്പൽ മദ്യപിച്ചില്ല എന്ന് വ്യക്തമാക്കി രംഗത്തെത്തി.
അന്വേഷണം നടത്തിയ ആർഡിഡിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്പെഷ്യൽ സെക്രട്ടറി പ്രിൻസിപ്പലിനെ വടുവഞ്ചാൽ സ്കൂളിലേക്ക് സ്ഥലം മാറ്റിയ ഉത്തരവിറങ്ങി. വിനോദയാത്രയ്ക്ക് അനുമതിയില്ലായിരുന്നു. മൂന്ന് ദിവസത്തെ വിനോദയാത്ര അഞ്ച് ദിവസമാക്കി, രാത്രിയിലും യാത്ര നടത്തി എന്നിവയായിരുന്നു കണ്ടെത്തൽ. സ്ഥലം മാറ്റിയതോടെ വിദ്യാർഥികൾ രണ്ട് ദിവസം പഠിപ്പ് മുടക്കി സമരം നടത്തുന്നതാണ് പിന്നീട് കണ്ടത്. സ്കൂൾ മാനേജിംഗ് കമ്മിറ്റിയും പിടിഎയും പ്രിൻസിപ്പലിന് അനുകൂലമായ നിലപാടെടുത്തു. ഇതിനിടയിൽ താനും മദ്യപിച്ചിട്ടില്ലെന്ന വാദവുമായി പിടിഎ പ്രസിഡൻറ് ഹാജിസും രംഗത്തുവന്നു.
തഹസിൽദാർ ഇടപെട്ടിട്ടും കുട്ടികൾ അധ്യാപകനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുകയായിരുന്നു. ഇതിനിടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച ഷിവി കൃഷ്ണന് അനുകൂലമായ വിധിയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ സ്ഥലം മാറ്റ നടപടിക്ക് സ്റ്റേ. ഇതോടെ വിദ്യാർഥികളുടെ സമരം അവസാനിച്ചു. അധ്യാപകൻ ഇന്ന് സ്കൂളിലെത്തുകയും ചെയ്തു. വിവാദത്തിന് പിന്നിൽ വരാനിരിക്കുന്ന പിടിഎ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആക്ഷേപം ഉണ്ട്. മീനങ്ങാടി സ്കൂളിലെ പിടിഎയും, എസ്എംസിയും ഇടതുപക്ഷമേധാവിത്വത്തിലാണ്. പ്രിൻസിപ്പൽ ഇടത് അധ്യാപക സംഘടനയിലുൾപ്പെട്ടയാളാണ്. ഇതെല്ലാം വിവാദങ്ങൾക്കുള്ള മൂർച്ച കൂട്ടിയെന്ന് വേണം കരുതാൻ. ദൃശ്യങ്ങളിലുള്ള വിദ്യാർഥികൾ ഉൾപ്പെടെ അധ്യാപകന് അനൂകൂല നിലപാടെടുത്തതോടെ ഇനിയെന്താണ് പുതിയ നീക്കങ്ങളെന്ന് കണ്ട് തന്നെ അറിയണം.
