ആലപ്പുഴ ജില്ലയിൽ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ജില്ലയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചത്. അക്കാന്ത അമീബിയാണ് രോഗബാധയ്ക്ക് ഇടയാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. രോഗബാധ പുതുതായി കണ്ടെത്തിയ സ്ഥലങ്ങളിൽ സൂപ്പർ ക്ളോറിനേഷൻ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായാണ് ഉയർന്നത്. രോഗം സ്ഥിരീകരിച്ച് രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു. നാലുപേരിൽ രോഗബാധയ്ക്ക് ഇടയാക്കിയത് അക്കാന്ത അമീബയാണ് എന്നും കണ്ടെത്തിയിരുന്നു. ആലപ്പുഴ പാതിരപ്പള്ളി സർവോദയപുരം സ്വദേശിക്കും, പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വീട്ടിൽ ടാങ്ക് കെട്ടി ഭൂഗർഭജലം സംഭരിച്ച് മുങ്ങിക്കിടന്നതിലൂടെയാണ് പാതിരാപ്പള്ളി സ്വദേശിയായ യുവാവിന് രോഗം സ്ഥിരീകരിച്ചതെന്നാണ് സംശയം. ഇയാളുടെ വീട്ടിലെ ജല സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്. പട്ടണക്കാട് സ്വദേശിയായ 65കാരന് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ആറാട്ടുപുഴ സ്വദേശിയായ യുവതിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നീർകുന്നം സ്വദേശി ആര്യ മോൾ, തഴക്കര സ്വദേശി ബിനു വർഗീസ് എന്നിവരാണ് മരിച്ചത്.
