കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് ദലിത് സംഘടനകൾ നടത്തിയ ഹർത്താലിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് മുൻകരുതൽ കുറഞ്ഞെന്നും സംഘർഷം തടയുന്നതിൽ പരാജയപ്പെട്ടെന്നും ഹർത്താലിന്റെ ഗൗരവം ഉൾക്കൊള്ളുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചു എന്നുമാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്.
ഇന്നലത്തെ ഹർത്താലിൽ ക്യാൻസർ രോഗികളെയും കൈക്കുഞ്ഞുമായി എത്തിയവരെയും പരീക്ഷയ്ക്കായി പോയ വിദ്യാർഥികളെയും ഉൾപ്പെടെയാണ് സമരക്കാർ തടഞ്ഞത്. ഹർത്താൽ ദിനത്തിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് മറുപടിയായാണ് സംസ്ഥാന പൊലീസ് മേധാവി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
52 ദലിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താലിനെപ്പറ്റി മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചില്ലെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 29 കേസുകൾ രജിസ്റ്റർ ചെയ്തെന്നും കോടതിയെ അറിയിച്ചു. സംഘർഷം തടയുന്നതിൽ പോലീസ് പലയിടങ്ങളിലും പരാജയപ്പെട്ടു. വിവിധയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുകയും അക്രമം അഴിച്ചുവിടുകയും ചെയ്തിട്ടും ഫലപ്രദമായി തടയാൻ പൊലീസിനായില്ല. കൃത്യസമയത്ത് ഇടപെടാതെ പൊലീസ് കാഴ്ചക്കാരായി നിന്നു എന്ന് പൊതുജനങ്ങൾക്കിടയിൽ വിമർശനമുയർന്നെന്നും പോലീസിനെതിരെ ആക്ഷേപമുണ്ട്.
