മലപ്പുറം ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 40 പേർക്കെതിരെ തിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.പൂർവ്വവിദ്യാർഥികളും നിലവിൽ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനായി സ്കൂളിലെത്തിയ മുൻ വിദ്യാർഥികളെ നിലവിലെ ചില വിദ്യാർഥികൾ മർദിച്ചെന്നാണ് പരാതി. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ മുൻ വിദ്യാർഥികളും നിലവിലെ വിദ്യാർഥികളും തമ്മിൽ സ്കൂളിന് സമീപത്തെ റോഡിൽ ഏറ്റുമുട്ടുകയായിരുന്നു.
സംഘർഷത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 40 ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.സംഭവത്തെ തുടർന്ന് ചെറിയമുണ്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതരുടെയും നാട്ടുകാരുടെയും യോഗം ചേർന്നു. ഇത്തരത്തിലുള്ള സംഘർഷങ്ങൾ ആവർത്തിച്ചാൽ നാട്ടുകാരുടെ സഹകരണത്തോടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു.
