ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ മുൻ സുഹൃത്തും സംഗീത സംവിധായകനുമായ പലാഷ് മുച്ഛലിനെതിരെ മഹാരാഷ്ട്രയിലെ സംഘ്‌ലിയിൽ പൊലീസ് കേസെടുത്തു. സാമ്പത്തിക തട്ടിപ്പ്, ജാതി അധിക്ഷേപം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പലാഷിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്മൃതി മന്ദാനയുടെ ബാല്യകാല സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ വിജ്ഞാൻ മാനെ നൽകിയ പരാതിയിലാണ് നടപടി.
താൻ സംവിധാനം ചെയ്യുന്ന ‘നസാരിയ’ എന്ന ചിത്രത്തിലേക്കായി പലാഷ് 25 ലക്ഷം രൂപ വാങ്ങിയെന്നും, എന്നാൽ ചിത്രം പൂർത്തിയായിട്ടും പണം തിരികെ നൽകാൻ തയ്യാറായില്ലെന്നുമാണ് വിജ്ഞാൻ മാനെയുടെ പരാതി. പണം തിരികെ ചോദിച്ചപ്പോൾ പലാഷ് തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും മുംബൈയിലെ സ്വാധീനം ഉപയോഗിച്ച് ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ഭീഷണിപ്പെടുത്തിയതിനും സംഘ്‌ലി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പലാഷിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. സ്മൃതി മന്ദാനയും പലാഷും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും 2025 ഡിസംബറിൽ ഇരുവരും പിരിയുന്നതായി ഔദ്യോഗികമായി അറിയിച്ചിരുന്നു.
