കൊലപാതകക്കേസിൽ അച്ഛനും സഹോദരനും ജയിലിലായി 22 ദിവസങ്ങൾക്ക് ശേഷം, മരിച്ചു എന്ന് കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശിയായ ശിവാനിയാണ് ജീവനോടെ തിരിച്ചെത്തിയത്.
കഴിഞ്ഞ ഏപ്രിലിലാണ് ശിവാനിയെ കാണാതാകുന്നത്. ആഴ്ചകൾക്ക് ശേഷം, മഹാരാഷ്ട്രയിലെ ജൽഗാവ് ജാമോദിൽ നിന്ന് കണ്ടെടുത്ത കരിഞ്ഞ അജ്ഞാത മൃതദേഹം ശിവാനിയുടേതാണെന്ന് മഹാരാഷ്ട്ര പൊലീസ് ആണ് സ്ഥിരീകരിച്ചത്. തുടർന്ന് യുവതിയുടെ പിതാവ് ബാപ്പുറാവുവിനെയും സഹോദരൻ അജയ്‌യെയും കൊലപാതകക്കുറ്റം ചുമത്തി ജയിലിലടക്കുകയും ചെയ്തു. എന്നാൽ യുവതി ജീവനോടെ തിരിച്ചെത്തിയതോടെ കേസന്വേഷണത്തിലെ പൊലീസിന്റെ ഗുരുതര വീഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും അന്വേഷണ രീതികളെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൃത്യമായ തെളിവുകളില്ലാതെ പൊലീസ് എങ്ങനെ മരണം ഉറപ്പിച്ചു എന്നതുൾപ്പെടെയുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയർത്തുന്നത്.
