പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായി വലിയ പോരാട്ടം നടത്തി അത് നേടിയെടുത്ത ചന്ദ്രശേഖരറാവുവിന്റെ പഴയ പ്രസ്ഥാനം തെലങ്കാന രാഷ്ട്രസമിതിയുടെ പേര് ഓർമിപ്പിച്ചാണ് പുതിയ ടിആർഎസുമായി കെ കവിതയുടെ വരവ്. പിതാവുമായി തെറ്റി വിമതയായി ഒടുവിൽ പാർട്ടിവിട്ട കെ കവിത ജനങ്ങൾക്കിടയിൽ അങ്കലാപ്പുണ്ടാക്കും വിധം തെലങ്കാന രാഷ്ട്രസേന എന്ന പേരിട്ടതിൽ തന്നെയുണ്ട് അതിലെ വീറും വാശിയും.
കൽവകുന്തള കവിത എന്ന കെ കവിത. ചന്ദ്രശേഖരറാവുവിന്റെ പ്രിയ പുത്രി. രാഷ്ട്രീയാധികാരം ഒരുവശത്തും ജീവിതപങ്കാളിയിലൂടെ ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് നീണ്ട വലിയ വ്യവസായലോകവും. രാഷ്ട്രീയാധികാരം കവിതയെ വലിയ നേതാവാക്കിയങ്കിൽ വ്യവസായജീവിതം തിഹാർ ജയിലേക്കാണ് എത്തിച്ചത്.
അങ്ങനെ ഡൽഹി മദ്യഅഴിമതിക്കേസിൽ സിബിഐയും ഇഡിയും വേട്ടയാടി. തിഹാർ ജയിലിൽ അഴിമതിക്കേസിൽ കിടന്ന മുൻ മുഖ്യമന്ത്രിയുടെ മകളായി കെ കവിത മാറി. പാർട്ടി ഒപ്പം നിൽക്കേണ്ട സമയത്ത് പിതാവ് ചന്ദ്രശേഖരറാവുവിന് പ്രിയം മകൻ കെ ടി രാമറാവുവിനോടും ബന്ധുവും രാഷ്ട്രീയ നേതാവുമായ ഹരീഷ് റാവുവിനോടും മാത്രമെന്ന് പരാതി പരസ്യമായി പറഞ്ഞ് പാർട്ടിയിൽ നിന്ന് നടപടി നേരിട്ടു. പിന്നീട് തെലങ്കാന പ്രജാ ജാഗ്രതി എന്ന പ്രസ്ഥാനവുമായി മുന്നോട്ടുപോയി. എന്നാൽ വലിയ ഓളമുണ്ടാക്കാനായില്ല. ഇപ്പോഴിതാ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നു.
ടിആർഎസ് എന്ന പേര് ഓർമിപ്പിക്കാൻ തെലങ്കാന രാഷ്ട്രസമിതിക്ക് പകരം തെലങ്കാന രാഷ്ട്രസേന എന്നാണാ പേര്. 43 ശതമാനം പിന്നാക്ക സംവരണത്തിനായും വനിതാ സംവരണത്തിനായും ജന്തർമന്ദറിലേക്ക് പട നയിച്ച നേതാവുകൂടിയാണ് ഒരു കാലത്ത് കെ കവിത. പക്ഷേ ആ പേരെല്ലാം പൊയ്പ്പോയത് പിന്നീട് കുറ്റവിമുക്തയാക്കപെട്ട ഡൽഹി മദ്യഅഴിമതിക്കേസാണ്.
ഏതായാലും അതെല്ലാം പഴയ കഥയായിരിക്കുന്നു. ജയിലിൽ നിന്നിറങ്ങിയ കവിത ജാഗ്രതി ജനം ബട്ട എന്ന യാത്ര സംസ്ഥാനത്തുടനീളം നടത്തിയാണ് പുതിയ പാർട്ടിയിലേക്ക് എത്തുന്നത്. ഇതൊരു തിരിച്ചുവരവാണ്. ഒരേസമയം കേന്ദ്രത്തോടും അതേസമയം സ്വന്തം പാർട്ടിയോടും കുടുംബത്തിനോടും പോരാടിയുള്ള തിരിച്ചുവരവ്. ശക്തനായ രേവന്ത് റെഡ്ഡിയോട് മത്സരിക്കാൻ ക്ഷീണിച്ചുപോയ ബിആർഎസിനേക്കാൾ വലിയ ബദലാകുമോ കൽവകുന്തള കവിതയുടെ വാശിപ്പാർട്ടി എന്ന് കാത്തിരുന്ന് കാണാം.
