പച്ചക്കറിക്ക് പിന്നാലെ കോഴിമുട്ടയുടെ വിലയും കുത്തനെ ഉയരുന്നു. മൂന്നാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് കേരളത്തിൽ മൂന്ന് രൂപവരെയാണ് വില വർധിച്ചത്. കേരളത്തിലേക്ക് എത്തുന്ന ഭൂരിഭാഗം മുട്ടകളും തമിഴ്നാട്ടിലെ നാമക്കല്ലിൽ നിന്നാണ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാമക്കല്ലിലെ മൊത്തവിപണിയിൽ ഒരു മുട്ടയുടെ വില ഉയർന്നത് 75 പൈസ മാത്രമാണ്. അവിടെ 6.65 രൂപയായിരുന്ന മുട്ട, കേരള അതിർത്തി കടന്ന് പാലക്കാട് എത്തുമ്പോഴേക്കും എട്ട് രൂപയാകുകയാണ്. തുടർന്ന് ജില്ലകൾ അനുസരിച്ച് വില വീണ്ടും ഉയരുന്ന സാഹചര്യമാണ്.
കൊച്ചിയിൽ തന്നെ വ്യത്യസ്ത കടകളിൽ വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. വിവിധ ഏജൻസികളിൽ നിന്നാണ് മുട്ട എത്തുന്നത് എന്നതിനാലാണ് വിലയിലെ വ്യത്യാസമെന്നാണ് വ്യാപാരികൾ പറയുന്നത്.സാധാരണ ജൂലൈ മാസത്തിൽ കോഴിമുട്ടയ്ക്ക് ഇത്ര വലിയ വിലവർധന ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. ആവശ്യക്കാർ വർധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമെന്ന് ആൾ ഇന്ത്യ പോൾട്രി എക്സ്പോർട്ട് അസോസിയേഷൻ സെക്രട്ടറി വൽസൻ പറയുന്നു.
നാമക്കല്ലിൽ 75 പൈസ മാത്രം വർധിച്ചപ്പോൾ കേരളത്തിൽ മൂന്ന് രൂപയോളം വില ഉയർന്നത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. യുദ്ധകാലത്ത് കയറ്റുമതി തടസ്സപ്പെട്ടതിനെ തുടർന്ന് മുട്ടവില കുത്തനെ ഇടിഞ്ഞിരുന്നുവെന്നും, ആ നഷ്ടം നികത്താനുള്ള ശ്രമമാണോ ഇപ്പോഴത്തെ വിലവർധനയെന്ന ചോദ്യവും ഉയരുന്നുണ്ട്.ട്രോളിങ് നിരോധനം കാരണം മത്സ്യലഭ്യത കുറഞ്ഞതോടെ ആളുകൾ കൂടുതൽ മുട്ട വാങ്ങുന്നതും വിലവർധനയ്ക്ക് കാരണമായെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ മുൻ വർഷങ്ങളിലും ട്രോളിങ് നിരോധനം ഉണ്ടായിരുന്നെങ്കിലും ഇത്രയും വലിയ വിലവർധന രേഖപ്പെടുത്തിയിരുന്നില്ലെന്നതാണ് ശ്രദ്ധേയം.
