കോഴിക്കോട് കൊയിലാണ്ടി സൗത്ത് പുളിയഞ്ചേരി എൽ.പി. സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടി. കെട്ടിടം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നഗരസഭ നടപടി സ്വീകരിച്ചത്.കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ക്ലാസുകൾ നടന്നില്ല. ഇതോടെ വിദ്യാർത്ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയിലാണ്.
ഇതോടെ നൂറിലധികം വിദ്യാര്‍ഥികളാണ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.ഫിറ്റ്നസ് ഇല്ലാത്തതിനെ തുടര്‍ന്ന് നഗരസഭ സ്‌കൂളിന് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. സ്‌കൂള്‍ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കണമെന്ന് അറിയിച്ച് സ്‌കൂള്‍ മാനേജ്‌മെന്റിനാണ് നഗരസഭ നോട്ടീസ് നല്‍കിയത്.സ്‌കൂളിന്റെ മൂന്ന് കെട്ടിടങ്ങളും സുരക്ഷിതമല്ലെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. രണ്ട് കെട്ടിടങ്ങള്‍ ഓടിട്ടതും ഒരെണ്ണം ആസ്ബറ്റോസ് മേഞ്ഞതുമാണ്.
അടുത്ത പ്രവർത്തിദിനമായ തിങ്കളാഴ്ചയ്ക്കുമുമ്പ് ക്ലാസുകൾ നടത്താൻ താത്കാലിക സംവിധാനം ഒരുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. കൂടുതൽ പ്രവർത്തിദിനങ്ങൾ നഷ്ടമായാൽ കുട്ടികളുടെ പഠനത്തെയും വരാനിരിക്കുന്ന ഓണപരീക്ഷയെയും അത് പ്രതികൂലമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.അതേസമയം, വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ പകരം കെട്ടിടം കണ്ടെത്തുകയോ മറ്റ് സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യാനുള്ള നടപടികൾ അധികൃതർ തുടരുകയാണെന്നാണ് വിവരം.
