ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ കോഴിക്കോട് ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ എക്സ്റേ സേവനം പുനഃസ്ഥാപിച്ചു. എക്സ്റേ, സിടി സ്കാൻ സംവിധാനങ്ങൾ തകരാറിലായതിനെ തുടർന്ന് രോഗികൾ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്ന ദുരിതാവസ്ഥ ബിഗ് ടിവി രണ്ടാഴ്ച മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതർ അടിയന്തര നടപടി സ്വീകരിച്ചത്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ ഇഎസ്ഐ അംഗങ്ങൾക്ക് പ്രധാന ആശ്രയമായ ഫറോക്ക് ഇഎസ്ഐ ആശുപത്രിയിൽ നൂറ് കിടക്കകളുള്ള ചികിത്സാ സൗകര്യമാണുള്ളത്. എന്നാൽ എക്സ്റേയും സിടി സ്കാനും പ്രവർത്തനരഹിതമായതോടെ രോഗികൾക്ക് ഓരോ പരിശോധനയ്ക്കും സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
പരിശോധനാ വിഭാഗങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് ആശുപത്രിയിലെ രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരുന്നു. തകരാറിലായ എക്സ്റേ മെഷീനിന്റെ ചിപ്പ് മാറ്റിയാണ് ഇപ്പോൾ സേവനം പുനഃസ്ഥാപിച്ചത്.അതേസമയം, റേഡിയോളജിസ്റ്റിന്റെ അഭാവം മൂലം സിടി സ്കാൻ സംവിധാനം ഇപ്പോഴും പ്രവർത്തനരഹിതമാണ്. ഈ പ്രശ്നത്തിനും എത്രയും വേഗം പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.
