പനാമ പതാക പേറുന്ന കപ്പലിനു നേരെ ശനിയാഴ്ച ഹോർമുസിൽ ഉണ്ടായ ആക്രമണത്തിനു പിന്നാലെയാണ് രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചത്. പ്രഖ്യാപിത യുദ്ധം അല്ലെങ്കിലും ഇറാനിലെ പത്ത് കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു കഴിഞ്ഞു. ഇറാനാകാട്ടെ ബഹ്റൈനിലേയും കുവൈത്തിലേയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കു നേരെ ആയുധം തൊടുക്കുകയാണ്. ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കില്ല എന്നാണ് അമേരിക്കയുടെ നിലപാട്.
ഇറാനിലെ വിവിധ കേന്ദ്രങ്ങളിലേക്ക് അപ്രതീക്ഷിത ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനു തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരേയുള്ള ഇറാന്‍റെ ആക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ചതിന്‍റെ ഉത്തരവാദിത്തം പരസ്പം ചാരുകയാണ് ഇരു രാജ്യങ്ങളും. “സമാധാന കരാർ പാലിക്കാൻ ഇറാന് അവസരം നൽകിയതായിരുന്നു. എന്നാൽ പോരാട്ടത്തിന്‍റെ വഴിയാണ് അവർ തെരഞ്ഞെടുത്തത്. കികു എന്ന കപ്പലിലേക്ക് ഡ്രോൺ അയച്ച ഇറാനാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലിന്‍റെ കാരണക്കാർ.”-അമേരിക്കയുടെ സെൻട്രൽ കമാൻഡ് വാർത്താക്കുറിപ്പിൽ ആരോപിക്കുന്നത് ഇങ്ങനെയാണ്.
ഇറാന്‍റെ പത്ത് സൈനിക കേന്ദ്രങ്ങളാണ് ആക്രമിച്ചത് എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം ഉണ്ടായില്ല. ഹോർമുസിന് സമീപത്തുള്ള സൈനിക കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. സൈനിക വാഹനങ്ങൾ, വിനിമയ സംവിധാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രം എന്നിവയാണ് ആക്രമിക്കപ്പെട്ടത്.
എന്നാൽ അഞ്ചു തീരദേശ പോസ്റ്റുകൾ അമേരിക്ക ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയതെന്നാണ് ഇറാൻ വാദിക്കുന്നത്. ഇതിനു പ്രതികാരമായാണ് കുവൈത്തിലെ അലി അൽ സലേം ബേസും ബഹ്റൈനിലെ ഫിഫ്ത്ത് നേവൽ ഫ്ലീറ്റും ഉൾപ്പെടെ എട്ടു കേന്ദ്രങ്ങൾ ആക്രമിച്ചത്. ആക്രമണത്തിൽ കാര്യമായ നഷ്ടം നേരിട്ടിട്ടില്ല എന്നാണ് അമേരിക്കയുടെ വിശദീകരണം. ധാരണാപത്രം അനുസരിച്ച് ഹോർമുസ് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് അവകാശമുണ്ടെന്നാണ് റവല്യൂഷണറി ഗാർഡ്സിന്‍റെ വാദം.
ക്രൂരമായ ആക്രമണമാണ് അമേരിക്ക നടത്തിയതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രതികരിക്കുന്നത്. “അമേരിക്ക സ്വന്തം ഉത്തരവാദിത്തങ്ങളോട് അൽപംപോലും ബഹുമാനം കാണിക്കുന്നില്ല. വാഗ്ദാനങ്ങൾ ലംഘിക്കുക എന്നത് അമേരിക്കയുടെ പതിവുപണിയാണ്.” ഇറാൻ ഒരുകാലത്തും പഠിക്കില്ല എന്നായിരുന്നു പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. സൈനികമായി തന്നെ ഇറാനിലെ പ്രശ്നം അവസാനിപ്പിക്കേണ്ട സ്ഥിതി വന്നേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകുന്നു. “അത്തരമൊരു സാഹചര്യമുണ്ടായാൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പിന്നെ ഭൂമുഖത്ത് ഉണ്ടാകില്ല”-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ ആക്രമണം തുടങ്ങിയതോടെ കുവൈത്തും ബഹ്റൈനും വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാക്കി. കുവൈത്ത് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളേയും മിസൈലുകളേയും നിർവീര്യമാക്കിക്കൊണ്ടിരിക്കുകയാണെന്ന് കുവൈത്ത് സൈന്യത്തിന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു. സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാൻ ബഹ്റൈനും ജനങ്ങൾക്ക് നിർദേശം നൽകി.
ആക്രമണം ഉണ്ടായെങ്കിലും ഹോർമുസ് കടലിടുക്ക് വഴി ഇപ്പോഴും നിരവധി കപ്പലുകൾ കടന്നുപോകുന്നുണ്ട്. നേരത്തെ സിംഗപ്പൂർ കപ്പൽ എവർ ലവ്ലി ആക്രമിക്കപ്പെട്ടപ്പോഴും അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയിരുന്നു. അനുവാദമില്ലാത്ത മാർഗത്തിലൂടെ സഞ്ചരിച്ചതുകൊണ്ടാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് ഇറാൻ പറയുന്നത്.
ജൂൺ 17ന് ആണ് ശത്രുത അവസാനിപ്പിക്കാൻ ഇറാനും അമേരിക്കയും ധാരണയിലെത്തിയത്. വാണിജ്യ കപ്പലുകളെ ഇറാൻ നിർബാധം കടത്തിവിടണം എന്നും ആ ധാരണാപത്രത്തിൽ ഉണ്ടായിരുന്നു. അതു ലംഘിക്കപ്പെട്ടു എന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അമേരിക്ക അറിയിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണങ്ങൾ ആരംഭിച്ചത്.
