ഇടുക്കി പീരുമേട് പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. കെട്ടിടം പൂർണമായും തകർന്നു. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. സമീപ വീട്ടിലെ താമസക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.
കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയോരത്ത് പീരുമേട് ടൗണിന് സമീപം തിരുഹൃദയ ദേവാലയത്തിന് എതിർവശത്തായി നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകർന്നുവീണത്. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. താഴ്ചയിൽ നിന്നും പില്ലറുകളിൽ പണിതുയർത്തിയ കെട്ടിടത്തിന്റെ ഭാഗത്ത് മണ്ണിട്ട് നികത്തുന്ന പ്രവൃത്തികൾ നടന്നുവരികയായിരുന്നു. കനത്ത മഴയിൽ മണ്ണ് കുതിർന്ന് താഴേക്കിറങ്ങിയതും കൽക്കെട്ട് ഇടിഞ്ഞതുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൈക്കുഞ്ഞുങ്ങളും പ്രായമായവരുമടക്കം താമസിച്ചിരുന്ന സമീപത്തെ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അതേ സമയം കെട്ടിടത്തിന്റെ നിർമ്മാണം അനധികൃതമാണെന്നും അശാസ്ത്രീയ നിർമാണമാണ് തകർച്ചയ്ക്ക് കാരണമെന്നും ആക്ഷേപം ഉയരുന്നുണ്ട്. സ്ഥലത്ത് ഇപ്പോഴും മണ്ണിടിയുന്നുണ്ട്. പഞ്ചായത്ത്, റവന്യൂ അധികൃതരടക്കം അപകട സ്ഥലത്ത് പരിശോധന നടത്തി.
