ആലപ്പുഴയിൽ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യമായ “എൽഡിഎഫ് അല്ലാതെ മറ്റാര്” ജനങ്ങളിൽ അഹങ്കാരത്തിന്റെ പ്രതീതി സൃഷ്ടിച്ചുവെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന വിമർശനം. പ്രചാരണത്തിൽ പിണറായി വിജയന്റെ ചിത്രം മാത്രം വ്യാപകമായി ഉപയോഗിച്ചതോടെ “പിണറായി അല്ലാതെ മറ്റാര്” എന്ന ചിന്തയാണ് ജനങ്ങളിൽ ഉണ്ടായതെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലേതിനെക്കാൾ കടുത്ത വിമർശനങ്ങളാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്നത്. പിണറായി വിജയൻ, എം വി ഗോവിന്ദൻ, പി രാജീവ്, എ കെ ബാലൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കൾക്കെതിരെ രൂക്ഷ ഭാഷയിലാണ് വിമർശനം ഉണ്ടായത്. “കടക്കു പുറത്ത്” പ്രസ്താവന ഓർത്തുവച്ചാണ് ജനങ്ങൾ വോട്ട് ചെയ്തതെന്നും, 2016ലും 2021ലും ജനങ്ങളെ ആകർഷിച്ച എൽഡിഎഫ് പ്രചാരണം ഇത്തവണ തിരിച്ചടിയായെന്നും യോഗത്തിൽ വിലയിരുത്തി.
പിണറായി വിജയൻ സ്വന്തം മണ്ഡലത്തിൽ തുടക്കത്തിൽ പിന്നിലായ സാഹചര്യം പാർട്ടി ഗൗരവമായി പരിശോധിക്കണമെന്നും, മുഖ്യമന്ത്രി സ്വയം വിലയിരുത്തൽ നടത്തണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. എം വി ഗോവിന്ദന്റെ ഭാഷയും സമീപനവും പ്രവർത്തകരിൽ അകലം സൃഷ്ടിക്കുന്നുവെന്ന വിമർശനവും യോഗത്തിലുണ്ടായി. “കോടിയേരി ബാലകൃഷ്ണനെ കണ്ടുപഠിക്കണം” എന്ന പരാമർശവും ചില പ്രതിനിധികൾ നടത്തി.മന്ത്രിയായിരുന്ന പി രാജീവിനെതിരെയും ശക്തമായ വിമർശനമുയർന്നു. കയർ മേഖലയെ തകർത്തത് ആലപ്പുഴയിലെ അടിസ്ഥാന വോട്ടുകളിൽ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, മന്ത്രിയെ സമീപിച്ചപ്പോൾ പോലും പുച്ഛമായ സമീപനമാണ് ഉണ്ടായതെന്നും പ്രതിനിധികൾ ആരോപിച്ചു. ജി സുധാകരനും തോമസ് ഐസക്കും മികച്ച രീതിയിൽ കൈകാര്യം ചെയ്ത കയർ വകുപ്പ് അഞ്ചുവർഷംകൊണ്ട് തകർന്നുവെന്നാണ് യോഗത്തിലെ വിമർശനം.
പെൻഷൻ സർക്കാർ ഔദാര്യമല്ലെന്ന് വീടുകളിൽ എത്തിയ പ്രവർത്തകരോട് ജനങ്ങൾ പറഞ്ഞുവെന്നും, കഴിഞ്ഞ പത്ത് വർഷമായി സിപിഎം പ്രവർത്തകർ വോട്ട് ചോദിക്കുന്ന തൊഴിലാളികൾ മാത്രമായി ചുരുങ്ങിയെന്ന വിലയിരുത്തലും യോഗത്തിൽ ഉയർന്നു. ജില്ലാ കമ്മിറ്റി യോഗത്തിന്റെ രണ്ടാം ദിവസത്തെ ചർച്ചകൾ തുടരുകയാണ്.
