അമേരിക്കയിലെ സാൻഡിയാഗോയിൽ പള്ളിക്കുള്ളിൽ നടന്ന വെടിവെപ്പിൽ രണ്ട് അക്രമികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. സാൻഡിയാഗോയിലെ ഏറ്റവും വലിയ മസ്ജിദായ ഇസ്ലാമിക് സെന്റർ ഓഫ് സാൻഡിയാഗോയിലാണ് ആക്രമണമുണ്ടായത്.രണ്ട് കൗമാരക്കാരാണ് പള്ളിക്കുള്ളിലേക്ക് കയറി വെടിയുതിർത്തെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്ത് വച്ചുതന്നെ മൂന്ന് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ പള്ളിയിലെ സുരക്ഷാ ജീവനക്കാരനാണ്. ആക്രമണം തടയാൻ ഇയാൾ നടത്തിയ ഇടപെടലാണ് കൂടുതൽ പേരുടെ ജീവൻ രക്ഷിച്ചതെന്നാണ് വിവരം.
വെടിവെപ്പിന് പിന്നാലെ സമീപത്തെ തെരുവിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ 17, 19 വയസുള്ള രണ്ട് യുവാക്കളുടെ മൃതദേഹങ്ങളും കണ്ടെത്തി.അക്രമികൾ സഞ്ചരിച്ച വാഹനത്തിൽ നിന്ന് വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. എഫ്ബിഐ ഉൾപ്പെടെയുള്ള ഏജൻസികൾ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
