ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും രൂക്ഷമായി. ഒരാളെ കാണാതായതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും യുഎസ് സെൻട്രൽ കമാൻഡ് റിയിച്ചു.
ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ സൈനിക താവളങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ, സൈനിക ലോജിസ്റ്റിക് കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് പെന്റഗൺ അറിയിച്ചു. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള തന്ത്രപ്രധാന മേഖലകളിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ സൈനികർ നേരിട്ട് ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും പുതിയ സംഭവമാണിത്. ഇതോടെ മേഖലയിൽ അമേരിക്ക-ഇറാൻ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. അതേസമയം, നയതന്ത്ര ഇടപെടലുകൾ ശക്തമാക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ ആക്രമണങ്ങളും തിരിച്ചടികളും തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണക്കയറ്റുമതിക്കും വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പ്രതിഫലനം അന്താരാഷ്ട്ര എണ്ണവിലയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്
