സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈകണ്ടിയിലിനെതിരെ കുരുക്ക് മുറുക്കാന്‍ ഇഡി. വീണയുടെയും കുടുംബാംഗങ്ങളുടെയും സാമ്പത്തികയിടപാടുകള്‍ സമഗ്രമായി അന്വേഷിക്കാന്‍ തീരുമാനം. വീണയ്ക്ക് യാത്രാവിലക്കേര്‍പ്പെടുത്തുന്നതിനൊപ്പം വിശദമായി ചോദ്യം ചെയ്യാന്‍ ഉടന്‍ സമന്‍സും നല്‍കും.ഹൈക്കോടതി അനുമതിക്ക് പിന്നാലെ മണിക്കൂറുകള്‍ക്കകമുള്ള മിന്നല്‍ പരിശോധനയുടെ അതേ വേഗം തുടരമ്പേഷണത്തിലുമുണ്ടാകുമെന്ന സൂനചകളാണ് ഇഡി നല്‍കുന്നത്. റെയ്ഡില്‍ കണ്ടെത്തിയ വീണയുടേതടക്കം 242 അക്കൗണ്ടുകളിലെ 18 കോടിയിലേറെ രൂപ മരവിപ്പിച്ച് ഇഡി നല്‍കിയത് വ്യക്തമായ സൂചനയാണ്. സിഎംആര്‍എല്ലില്‍ നിന്ന് വീണ്ക്കും എക്‌സാലോജിക്കിനും ലഭിച്ചത് രണ്ടേമുക്കാല്‍ കോടിയിലേറെ രൂപയാണ്. ഇഡി അന്വേഷണം ഇതില്‍ മാത്രം ചുരുക്കാന്‍ ഉദേശിക്കുന്നില്ല.
വീണയും കുടുംബവും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി പരിശോധിക്കാനാണ് തീരുമാനം. ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലെ റെയ്ഡും ഇതിന്റെ ഭാഗമാണ്. സിഎംആര്‍എല്ലില്‍ നിന്ന് പണം കൈപ്പറ്റിയ വിവരം എസ്എഫ്‌ഐഒയ്ക്ക് വീണ തന്നെ മൊഴി നല്‍കിയിട്ടുണ്ട്. വീണയില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റള്‍ ഉപകരണങ്ങളുടെ പരിശോധനയടക്കം ഇതില്‍ നിര്‍ണായകമാകും. റെയ്ഡിന് ശേഷം നാളെ ചേരുന്ന അവലോകനത്തിന് ശേഷമാകും ഇഡിയുടെ തുടര്‍ നീക്കങ്ങള്‍. വീണ വിദേശത്തേക്ക് പോകാനുള്ള സാധ്യതകള്‍ മുന്നില്‍കണ്ട് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാനും ആലോചനയുണ്ട്. എത്രയും വേഗം രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ ശ്രമം. അറസ്റ്റടക്കമ്മുള്ള സാധ്യതകളും ഇ.ഡി തള്ളുന്നില്ല. 2015 മുതല്‍ 2023 വരെയുള്ള പതിനഞ്ച് വര്‍ഷത്തിനിടെ 182 കോടി രൂപയാണ് ശശിധരന്‍ കര്‍ത്ത കോഴയായി നല്‍കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കാര്യങ്ങള്‍ കൂടി പരിശോധിക്കുന്നതോടെ യുഡിഎഫ് നേതാക്കളടക്കം വരും ദിവസങ്ങളില്‍ ഇ.ഡിയുടെ റഡാറിലെത്തും.
