പാകിസ്താനിൽ നടത്താനിരുന്ന ഇറാൻ-അമേരിക്ക രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കൈമാറിയ നിർദേശങ്ങൾ തൃപ്തികരമല്ലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. 10 ദിവസം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് അമേരിക്ക-ഇറാൻ രണ്ടാംവട്ട ചർച്ച ഉപേക്ഷിച്ചത്. പാകിസ്താൻ സന്ദർശിച്ച ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഇറാന്റെ തുറമുഖങ്ങളിലെ ഉപരോധം അവസാനിപ്പിക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്നാണ് നിലപാട്. ഇതോടെ അമേരിക്ക മധ്യേഷ്യ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെയും ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നറുടേയും പാകിസ്താൻ യാത്ര ഉപേക്ഷിച്ചു. ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്കായി പത്തുദിവസത്തിലേറെയായി ഇരുവരും തയ്യാറെടുക്കുകയായിരുന്നു. സമ്മർദം ചെലുത്തിയും ഭീഷണിപ്പെടുത്തിയും ഇറാനെ ചർച്ചയിൽ പങ്കെടുപ്പിക്കാനാവില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ അറിയിച്ചു.
രണ്ടാം ഘട്ട ചർച്ച ഉപേക്ഷിച്ചതോടെ വീണ്ടും യുദ്ധ സാഹചര്യങ്ങൾ ഉടലെടുക്കുമോ എന്ന് ആശങ്കയുണ്ട്. ഇറാനിൽ നിന്നുള്ള എണ്ണയുമായി വന്ന കപ്പൽ അറബിക്കടലിൽ അമേരിക്കൻ സൈനികർ തടഞ്ഞിട്ടു. തുറമുഖങ്ങളിലെ അമേരിക്കൻ ഉപരോധം വലിയ പ്രതിസന്ധിയാണ് ഇറാനിൽ സൃഷ്ടിക്കുന്നത്. ഭക്ഷ്യോത്പന്നങ്ങൾക്കുൾപ്പെടെ ക്ഷാമം നേരിട്ടുതുടങ്ങി. വലിയ തോതിൽ വില വർധിക്കുന്നുമുണ്ട്. ഊർജ ഉപയോഗം കുറയ്ക്കാനും സർക്കാർ ജനങ്ങളോട് ആഹ്വാനം ചെയ്തു. അമേരിക്കയും ഇസ്രായേലും ഇറാന്റെ വൈദ്യുതി നിലയങ്ങൾ ഏത് സമയത്തും ആക്രമിക്കാം എന്ന സാഹചര്യത്തിലാണിത്. ഹോർമുസിൽ ഇറാൻ തുടരുന്ന ഉപരോധം ലോകത്തേയും കാര്യമായി ഉലയ്ക്കുന്നുണ്ട്. എണ്ണയ്ക്കും വാതകത്തിനും ക്ഷാമം നേരിട്ടുതുടങ്ങി. ആഗോള ചരക്കുനീക്കത്തിന്റെ നാലിലൊന്നും തടസപ്പെട്ടിരിക്കുകയാണ്. വെടിനിർത്തൽ ഉണ്ടെങ്കിലും തെക്കൻ ലബനനിൽ ഹെസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ ആക്രമണം തുടരുകയാണ്.
