നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ കണ്ണൂർ സിപിഐഎമ്മിൽ നേതൃമാറ്റ ആവശ്യം ശക്തമാകുന്നു.എം.സ്വരാജിനെയും പി. ജയരാജനെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയർത്തി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
കുറുമാത്തൂരിലാണ് ഇന്ന് എം. സ്വരാജിനും പി. ജയരാജനും പിന്തുണ പ്രഖ്യാപിച്ച ഫ്ളക്സ് ബോർഡുകൾ ഉയർന്നത്. “സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും ജില്ലാ സെക്രട്ടറിയായി പി. ജയരാജനും വരണം” എന്നാണ് ‘കുറുമാത്തൂർ സഖാക്കൾ’ എന്ന പേരിൽ ഉയർന്ന ഫ്ളക്സിലെ ആവശ്യം.
അതേസമയം പാപ്പിനിശ്ശേരിയിൽ പി. ജയരാജനെ അനുകൂലിച്ചും ഫ്ളക്സ് ബോർഡ് ഉയർന്നു. “വാക്കുകളല്ല, വർത്തമാനകാലം ആവശ്യപ്പെടുന്നത് പ്രതിരോധത്തിന്റെ കരുത്താണ്; ആ കരുത്തായി പി.ജെ വരട്ടെ” എന്നാണ് ‘പാപ്പിനിശ്ശേരി സഖാക്കൾ’ എന്ന പേരിലുള്ള ഫ്ളക്സിലെ വാചകം.
ഫ്ളക്സ് പ്രതിഷേധങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിലൂടെയും നേതൃമാറ്റ ആവശ്യം ശക്തമാകുന്നുണ്ട്. എം.വി ഗോവിന്ദനും പിണറായി വിജയനും മാറിനിൽക്കണമെന്ന ആവശ്യവും ചില പാർട്ടി അനുഭാവികളിൽ നിന്ന് ഉയരുന്നുണ്ട്
