പാറമേക്കാവ് ദേവസ്വത്തിന്റെ പടക്ക നിർമ്മാണശാലയിൽ നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തൽ. വെടിമരുന്ന് ശാലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ രാസ പരിശോധനാഫലം പുറത്ത് വന്നതോടെ ആണ് ഇക്കാര്യം വ്യക്തമായത്. വെടിക്കോപ്പുകളും പടക്കങ്ങളും സ്ഥലത്തുനിന്ന് മാറ്റി നിർവീര്യമാക്കും.
അളവിലും കൂടുതൽ വെടിമരുന്നുകളും പടക്കങ്ങളും കണ്ടെത്തിയതോടെയാണ് പാറമേക്കാവ് ദേവസ്വത്തിന്റെ വെടിമരുന്ന് ശാല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകി സീസ് ചെയ്തത്. തുടർന്ന് കൊല്ലംകോട് വെള്ളാരം കടവിലെ പടക്ക നിർമ്മാണശാലയിൽ നിന്ന് ശേഖരിച്ച വെടിമരുന്ന് സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. രാസ പരിശോധനാ ഫലത്തിന് പിന്നാലെയാണ് നിരോധിത വെടിമരുന്നുകൾ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞത്.
നെന്മാറ വേല നടക്കുന്ന പ്രദേശത്താണ് പിടിച്ചെടുത്ത വെടിമരുന്നുകൾ നിർവീര്യമാക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പെസോ അനുമതി നൽകാത്തതോടെ മറ്റേതെങ്കിലും സ്ഥലം കണ്ടെത്തും. ശേഷം കോടതി അനുമതിയോടെ ആയിരിക്കും നിർവീര്യമാക്കൽ. അളവിൽ കൂടുതൽ വെടിമരുന്നുകളും പടക്കങ്ങളും സൂക്ഷിച്ച കേസിൽ ലൈസൻസി ഉടമ കോട്ടയം സ്വദേശി ബിനോയ്ക്കെതിരായ തുടരും.
കമ്മിറ്റി അംഗങ്ങളായ അഭിജിത്, വിഷ്ണു വിനോദ്, വെടിക്കെട്ട് തൊഴിലാളി തെക്കുംകര സ്വദേശി സുരേഷ് എന്നിവരെയാണ് ഇനി മുണ്ടത്തോട് സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്താനുള്ളത്. വെടിക്കെട്ട് കരാറുകാരൻ സതീഷ് അടക്കം മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
