കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിൻ രാജ് മരിച്ച് 18 ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതിയെ കണ്ടെത്താനാകാത്തതിൽ പൊലീസിന് രൂക്ഷ വിമർശനം. കേസിൽ ഒളിവിൽ കഴിയുന്ന ഒന്നാം പ്രതി ഡോ. എം കെ റാം നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കും. തലശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
നിതിൻ രാജിന്റെ മരണത്തിൽ പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി കോടതി ഡോ.എം കെ റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചത്. അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയേറ്റ് പ്രൊഫ. ഡോ.കെ ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
നിതിൻ രാജിന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നാണ് അധ്യാപകൻ ആവർത്തിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് കീഴ്ക്കോടതിയുടെ നിരീക്ഷണങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഡോ.എം കെ റാം ഹൈക്കോടതിയെ സമീപിക്കുന്നത്. നിതിൻ മരിക്കുന്ന ദിവസം സംഭവ സ്ഥലത്ത് റാമിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും,
അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും തലശേരി കോടതി വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഡോ. റാമിന് ജാമ്യം നിഷേധിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്നും മാധ്യമ വിചാരണയാണ് നേരിടുന്നതെന്നും പ്രതിഭാഗം ഹൈക്കോടതിയിൽ വാദം ഉയർത്തിയേക്കും.
