ഇടുക്കി കോൺഗ്രസിൽ വി ഡി സതീശൻ-കെ സി വേണുഗോപാൽ വിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് കൂടുതൽ രൂക്ഷമാകുന്നു. ഡീൻ കുര്യാക്കോസ് എംപിക്കെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു നടത്തിയ പരാമർശമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.“ഡീൻ മൂക്കാതെ പഴുത്ത നേതാവാണ്” എന്ന സി പി മാത്യുവിന്റെ പരാമർശത്തിനെതിരെ യു ഡി എഫ് ചെയർമാൻ ജോയ് വെട്ടിക്കുഴിയടക്കമുള്ള നേതാക്കൾ രംഗത്തെത്തി. ഡീൻ കുര്യാക്കോസ് ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുന്ന നേതാവാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നവർ രാഷ്ട്രീയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ജോയ് വെട്ടിക്കുഴി പ്രതികരിച്ചു.
ഡിസിസിയുടെ നടപടി നേരിട്ട നേതാക്കളും പരസ്യമായി രംഗത്തെത്തി. “ഡീൻ പഴുക്കാതെ മൂത്തെങ്കിൽ ചിലർ മൂത്തുപഴുത്ത് ദുർഗന്ധം പരത്തുകയാണ്” എന്നായിരുന്നു ഡി കെ ടി എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടിയുടെ മറുപടി.ഇതിനിടെ സി പി മാത്യുവിനെ ഫോണിൽ വിളിച്ച് പ്രവർത്തകൻ നടത്തിയ അസഭ്യവർഷവും സി പി നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ നടപടിയെടുത്തവരെ തിരിച്ചെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് സി പി മാത്യു വ്യക്തമാക്കി.ഡിസിസി പ്രസിഡന്റിനെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എഐസിസിക്കും കെപിസിസി പ്രസിഡന്റിനും പരാതി നൽകിയിട്ടുണ്ട്.
