കൊച്ചിയിൽ മോഡലിംഗിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയതിന് പിന്നിൽ
രാജ്യാന്തര സെക്സ് റാക്കറ്റ് എന്ന് പൊലീസ്. യുവതികളെ സെക്സ് റാക്കറ്റിന് മുന്നിലെത്തിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് യുവതികൾ അറസ്റ്റിൽ. കൂടുതൽ ഇരകളും പരാതികളും ഉണ്ടായേക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.
കൊച്ചിയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി അലീന എബ്രഹാം, ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധു, പൊന്നാനി സ്വദേശി മഞ്ജിമ ഇവരാണ് ഇതുവരെ പിടിയിലായത്. ഇനി രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയാണ് മോഡലുകളെ ഫാഷൻ ഷോ വാഗ്ദാനം ചെയ്ത് ദുബായിലേക്ക് ആകർഷിച്ചത്. അലീനയായിരുന്നു ഇതിന് നേതൃത്വം നൽകിയത്. ഇതിനായി സെലിബ്രിറ്റികളെ ഉൾപ്പെടെ അണി നിരത്തി സോഷ്യൽ മീഡിയിൽ പരസ്യവും ചെയ്തു. പരസ്യത്തിലെ മോഹന വാഗ്ദാനങ്ങളിൽ വിശ്വസിച്ച് വലയിൽ വീണ യുവതികളാണ് ക്രൂര പീഡനത്തിന് ഇരയായത്. ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന സിന്ധുവിന്റെ നേതൃത്വത്തിൽ വിദേശത്ത് എത്തിച്ചു. ദുബായിലെത്തിയ യുവതികൾ കൂട്ട ബലാത്സംഗത്തിന് ഇരയായി. മുറിയിൽ പൂട്ടിയിട്ട് പച്ച വെള്ളത്തിൽ പോലും ലഹരി കലക്കി നൽകി നിരവധി പേരാണ് ലൈംഗികമായി ഉപദ്രവിച്ചത്.
കേസിൽ ഉൾപ്പെട്ട അലീന എബ്രഹാമിന്റെ ക്രിമിനൽ പശ്ചാത്തലത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ് പൊലീസ്. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സിന്ധുവിനെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയത്. കൊച്ചി ഡിസിപി ആശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം.
