മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്ന അവയവക്കച്ചവട കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വകാര്യ ആശുപത്രികളിലെ പരിശോധനകൾക്ക് പിന്നാലെ റാക്കറ്റിലെ പ്രധാന ഇടനിലക്കാരനെന്ന് കണ്ടെത്തിയ ഡെബിൻ ജോസഫിനെ ഇഡി ചോദ്യം ചെയ്യുകയാണ്. അതേസമയം, അവയവക്കച്ചവടക്കേസും സിഎംആർഎൽ–എക്സാലോജിക് കേസും സംബന്ധിച്ച അന്വേഷണ പുരോഗതി വിലയിരുത്താൻ ഇഡിയുടെ ഉന്നതതല യോഗം കൊച്ചിയിൽ തുടരുകയാണ്.
ആലപ്പുഴ പുന്നമടയിലെ ഒരു സ്പായുടെ മറവിൽ പ്രവർത്തിച്ചിരുന്ന ഡെബിൻ ജോസഫാണ് റാക്കറ്റിന്റെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തി അവയവദാനത്തിന് പ്രേരിപ്പിക്കുന്നതിലും ഇടപാടുകൾ ഏകോപിപ്പിക്കുന്നതിലും ഡെബിന് നിർണായക പങ്കുണ്ടായിരുന്നെന്നാണ് കേസ്. ഓരോ ഇടപാടിലും അഞ്ച് ലക്ഷം രൂപ വരെ കമ്മിഷൻ ലഭിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മുഖ്യപ്രതി മുഹമ്മദ് നജീബ് കല്ലട്രയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലാണ് ഡെബിനെതിരെ തെളിവുകൾ ലഭിച്ചതെന്നും തുടർന്ന് എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. റാക്കറ്റിൽ സ്ത്രീകൾ ഉൾപ്പെടെ കൂടുതൽ ഏജന്റുമാർ പ്രവർത്തിച്ചിരുന്നതായും, അവരെയും അവയവ ശസ്ത്രക്രിയക്ക് വിധേയരായവരെയും ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
ഇതിനിടെ, ഇഡി സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ ഐആർഎസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന ഉന്നതതല യോഗത്തിൽ അവയവക്കച്ചവടക്കേസിന്റെയും സിഎംആർഎൽ–എക്സാലോജിക് കേസിന്റെയും അന്വേഷണ പുരോഗതി വിലയിരുത്തി. ആശുപത്രി ഉടമകളടക്കം കൂടുതൽ പേരെ ചോദ്യം ചെയ്യണമെന്നും, ആവശ്യമായാൽ അന്വേഷണം കൂടുതൽ ആശുപത്രികളിലേക്കും വ്യാപിപ്പിക്കണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ശുപാർശ. സിഎംആർഎൽ കേസിൽ കൂടുതൽ രാഷ്ട്രീയ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നിട്ടുണ്ട്.
