ശബരിമല ക്ഷേത്രത്തിന്റെ സന്നിധാനത്തിന് മുകളിലൂടെ സൈനിക ഹെലികോപ്റ്റർ പറന്നതിൽ പമ്പ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചക്ക് 12നും 12.30നും ഇടയിൽ നാല് തവണയാണ് കോസ്റ്റ് ഗാർഡിന്റെ CG 821 നമ്പർ ഹെലികോപ്റ്റർ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നത്. സർക്കാർ സ്പെഷ്യൽ സെക്യൂരിറ്റി സോണമായി വിഞാപനം ചെയ്തിട്ടുള്ള പ്രദേശമാണ് ശബരിമല സന്നിധാനം. മുൻകൂർ അനുമതി വാങ്ങാതെ, പൊതുസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന നിലയിലും പ്രദേശത്തെ നിർമിതികൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിലും ഹെലികോപ്റ്റർ പറത്തി എന്നാണ് കേസ്.
കൊടിമരത്തിനും സോപാനത്തിനും തൊട്ടടുത്തുകൂടെ വേഗത കുറച്ചായിരുന്നു ഹെലികോപ്റ്ററിന്റെ സഞ്ചാരം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശബരിമലയുടെ ചിത്രങ്ങൾ പകർത്തിയെന്നും പൊലീസ് സംശയിക്കുന്നു. ഹെലികോപ്റ്റർ സഞ്ചരിച്ചതിന്റെ ദൃശ്യങ്ങൾ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ ആണ് ചിത്രീകരിച്ചത്.
സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്നത് അതീവ ഗൗരവതരമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർ, എ ഡി ജി പി എസ് ശ്രീജിത്തിന് നിർദേശം നൽകി.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി കോസ്റ്റ് ഗാർഡ് രംഗത്തെത്തി.
നിരീക്ഷണത്തിന്റെ ഭാഗമായല്ല ശബരിമലയ്ക്ക് മുകളിലൂടെ പറന്നത് എന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നാണ് കോസ്റ്റ് ഗാർഡ് പറയുന്നത്.
