തുടര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ കാന്‍സര്‍ രോഗിയായ 65കാരിക്ക് താങ്ങായി ബിഗ് ടിവിയുടെ ഇടപെടല്‍. ബിഗ് ടിവി വാര്‍ത്ത കണ്ട ആരോഗ്യമന്ത്രി കെ മുരളീധരന്‍, ചികിത്സാ നിഷേധം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. രേഷ്മയ്ക്ക് തുടര്‍ചികിത്സ നല്‍കുമെന്ന് മകന്‍ നിഷാദിന് ബിഗ് ടിവിയിലൂടെ മന്ത്രി കെ മുരളീധരന്‍ ഉറപ്പ് നല്‍കി. രേഷ്മയ്ക്ക് തിരുകൊച്ചി ഗ്രൂപ്പ് രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
രേഷ്മയും കുടുംബവും അനുഭവിക്കുന്ന ദുരിതം സുപ്രഭാതം വിത്ത് സുജയ പാര്‍വതിയിലൂടെ ആരോഗ്യമന്ത്രിക്ക് ബോധ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ കുടുംബത്തെ നേരില്‍ കണ്ട് പരാതി കേള്‍ക്കാന്‍ എറണാകുളം ഡിഎംഒയ്ക്ക് മന്ത്രി നിര്‍ദേശവും നല്‍കി. ഡോക്ടറുടെ ഭാഗം കൂടി കേട്ട് ഇന്ന് തന്നെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. രേഷ്മയുടെ മകന്‍ നിഷാദിന് ബിഗ് ടിവിയിലൂടെ മന്ത്രി തന്നെ നേരിട്ട് ഉറപ്പ് നൽകി.
ജോലിക്ക് പോകാനാകാതെ വാടക വീട്ടില്‍ നരകജീവിതം നയിക്കുന്ന കുടുംബത്തിന്റെ സങ്കടം മനസിലാക്കി തിരുകൊച്ചി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഗീവര്‍ പുതുപ്പറമ്പിൽ വിഷയത്തിൽ ഇടപെട്ടു. രണ്ട് ലക്ഷം രൂപ ഇന്ന് തന്നെ ഗ്രൂപ്പ് കൈമാറും. ബിഗ് ടിവി വാര്‍ത്തയ്ക്ക് പിന്നാലെയുള്ള ആരോഗ്യമന്ത്രിയുടെയും തിരുകൊച്ചി ഗ്രൂപ്പിന്റെയും ഇടപെടല്‍ രേഷ്മയുടെ കുടുംബത്തിന് നല്‍കിയത് വലിയ ആശ്വാസമാണ്. രേഷ്മയുടെ മകന്‍ നിഷാദ് ബിഗ് ടിവിയോട് നന്ദിയറിയിച്ചു.
വിഷയത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടതോടെ ഇതുവരെ മൗനത്തിലായിരുന്ന ഡോ.സജി മാത്യു വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതനായി. രേഷ്മയ്ക് വീണ്ടും കാൻസര്‍ ബാധയുണ്ടെന്നും രോഗം ബാധിച്ച ഭാഗം മുറിച്ചുമാറ്റിയ ശേഷം മാത്രമേ കുടല്‍ അകത്തേക്ക് വെക്കാനാകൂ എന്നുമാണ് വിശദീകരണം. തന്റെ ഭാഗത്ത് തെറ്റില്ലെന്ന് ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ ഈ വിവരം രേഷ്മയെയും കുടുംബത്തെയും അറിയിച്ചില്ലെന്ന് മാത്രമല്ല ചികിത്സയും നല്‍കിയിട്ടില്ല.
