ഡെൽഹിയിലെ ദ്വാരകയിൽ തർക്കത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് നടത്തി. സംഭവത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ ജാഫർപൂർ കലൻ ഗ്രാമത്തിലാണ് സംഭവം നടന്നത്.
സമീപത്തെ കോളനിയിൽ താമസിക്കുന്ന തൊഴിലാളികൾ പാർട്ടിക്കിടയിൽ ബഹളമുണ്ടാക്കിയതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥൻ ഇത് ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ വാക്കേറ്റം വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു.
രണ്ട് തൊഴിലാളികൾക്കാണ് വെടിയേറ്റത്. ഇതിൽ ഒരാൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടാമത്തെയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്.
