വയനാട് ടൗൺഷിപ്പിൽ വീടിന് വിള്ളൽ ഇല്ല എന്ന് ആവർത്തിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. തകരാറുണ്ടെങ്കിൽ അത് പരിഹരിക്കും. വീടുകൾ ഇതുവരെ കൈമാറിയിട്ടില്ല. ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ കൊതിക്കെറുവാണ് കോൺഗ്രസിന് എന്നും വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രവർത്തികൊണ്ട് ശവംത്തൂക്കികൾ എന്ന് വാക്ക് കോൺഗ്രസ് അന്വർത്ഥമാക്കുകയാണ് എന്ന് വസീഫ് വിമർശിച്ചു. വിള്ളലുണ്ടെന്ന് പരാതി പറഞ്ഞയാൾ കോൺഗ്രസുകാരനാണ്. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ടൗൺഷിപ് എന്ന് മിണ്ടാൻ പോലും അർഹതയില്ല. ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പറഞ്ഞവരാണ് കോൺഗ്രസുകാർ. ടൗൺഷിപ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വസീഫ് പ്രതികരിച്ചു.
ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാരും പ്രതിപക്ഷം നേർക്കുനേർ ഏറ്റുമുട്ടുകയാണ്. മന്ത്രി കെ രാജൻ്റെ പരിശോധനയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ‘നാടകം’ എന്ന് പരിഹസിച്ചു. ‘രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകൾ എവിടെ എന്നും വിള്ളൽ പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണമില്ലേ’ എന്ന് വി ശിവൻ കുട്ടിയും ചോദിച്ചു.
വയനാട്ടിലെ ടൗൺഷിപ്പിൽ നൗഫൽ എന്ന വ്യക്തിക്ക് ലഭിച്ച വീടിന് വിള്ളൽ രൂപപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. വിള്ളലുണ്ടെന്ന് വാർത്തവന്നതോടെ റവന്യുമന്ത്രി കെ രാജൻ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ മന്ത്രിയുടെ പരിശോധനയെ നാടകമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ഉദ്ഘാടനം കാപട്യമാണെന്നും സതീശൻ പറഞ്ഞു.
എന്നാൽ, ദുരന്തബാധിതർക്കായി വാസയോഗ്യമല്ലാത്ത ഒരു വീടും നൽകില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കരാർ പ്രകാരം നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. വീടുകൾ ഇപ്പോഴും കൈമാറിയിട്ടില്ല. പട്ടയം മാത്രമാണ് നൽകിയത്. വിടുകളുടെ അറ്റകുറ്റപ്പണികൾ അഞ്ചുവർഷത്തേക്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉത്തരവാദിത്വമാണ്. രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകൾ എവിടെയാണെന്നും ശിവൻകുട്ടി ചോദിച്ചു.
ആദ്യഘട്ടത്തിലെ 178 വീടുകളിൽ മേയ് ആദ്യവാരം താമസിക്കാൻ സാധിക്കും. ഒക്ടോബറിനകം 410 വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്.
