പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടെ ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ബിൽ അവതരണാനുമതിയിലും പ്രതിപക്ഷം വോട്ടിംഗ് ആവശ്യപ്പെട്ടു. 251 പേർ അനുകൂലിച്ചും 185 പേർ എതിർത്തും വോട്ട് ചെയ്തു. ക്രഡിറ്റ് വേണ്ടെന്നും സ്ത്രീകളെ ഇത്രനാൾ മാറ്റി നിർത്തിയതിൽ നിന്നുള്ള പാപമുക്തി മതിയെന്നും പ്രധാനമന്ത്രി സഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിൽ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്നത് തന്റെ ഗ്യാരന്റിയെന്നും മോദി ഉറപ്പുനൽകി.
വനിതാസംവരണവും മണ്ഡല പുനർനിർണയവും ഉൾപ്പെടുന്ന ഭരണഘടനാ ഭേദഗതി ബില്ലും മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരണത്തിനുള്ള ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളുടെ സീറ്റുകൾ വർധിപ്പിക്കുന്നതിനുമുള്ള മൂന്ന് ബില്ലുകളാണ് സഭയിൽ അവതരിപ്പിച്ചത്.
വനിതാ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചകൾക്ക് മറുപടിയായി പറഞ്ഞു. മണ്ഡല പുനർനിർണയത്തിൽ ഒരു സംസ്ഥാനത്തോടും പക്ഷപാതം കാണിക്കില്ലെന്നത് തന്റെ ഉറപ്പും ഗ്യാരണ്ടിയുമാണ്. ബില്ലുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മോദി വിശദീകരിച്ചു.
അതിനിടെ ഭരണണഘടനയെ ഹൈജാക്ക് ചെയ്യാനാണ് കേന്ദ്രശ്രമമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
ഇതിനിടെ വനിതാസംവരണത്തിൽ മുസ്ലിം ഉപസംവരണം ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. മുസ്ലിം വനിതകൾക്കുള്ള സംവരണത്തെച്ചൊല്ലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു.വനിതാ സംവരണം ആദ്യം ഉയർത്തിയത് കോൺഗ്രസെന്നും ബില്ലിനെ ബിജെപി വർഷങ്ങളോളം അവഗണിച്ചെന്ന് പ്രിയങ്കഗാന്ധിയും ആരോപിച്ചു.
അതേസമയം നാളെ വൈകിട്ട് നാലിനാണ് വോട്ടെടുപ്പ്. 543 അംഗ ലോക്‌സഭയില്‍ 360 പേരുടെ പിന്തുണയുണ്ടെങ്കിലാണ് ബില്‍ പാസാവുക. എന്നാല്‍ എന്‍ഡിഎയ്ക്ക് 293 അംഗങ്ങള്‍ മാത്രമാണുളളത്. അതായത്, ബിൽ പാസാകണമെങ്കിൽ പ്രതിപക്ഷം പിന്തുണയ്ക്കണം. നിലവിലെ സ്ഥിതിയിൽ ബിൽ നാളെ പാസാകാനുള്ള സാധ്യതകളില്ല.
