രണ്ടാഴ്ചത്തേക്ക് യുദ്ധം നിർത്തിവച്ച് അമേരിക്കയും ഇറാനും ഇസ്രായേലും. ഹോർമൂസിലുടെ ചരക്കുകപ്പലുകൾ ഇറാൻ കടത്തിവിടും. ഉപരോധം നീക്കണം എന്നതുൾപ്പെടെയുള്ള ഇറാന്‍റെ ആവശ്യങ്ങൾ അമേരിക്ക പരിഗണിക്കും. സമാധാന സാധ്യത തെളിഞ്ഞതോടെ ലോകമെങ്ങും ആശ്വാസമായി എണ്ണവില കുത്തനെ ഇടിഞ്ഞു.
40 ദിവസത്തിനു ശേഷം ഹോർമൂസ് കടലിടുക്കിലൂടെ എല്ലാ ചരക്കു കപ്പലുകളും കടന്നുപോകും. ഇറാനിലേക്ക് അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണം രണ്ടാഴ്ചത്തേക്കു നിർത്തിവയ്ക്കും. ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രായേലിലേക്കും നടത്തിക്കൊണ്ടിരുന്ന ആക്രമണം ഇറാനും നിർത്തിവയ്ക്കും. എന്നാൽ ലബനൻ വെടിനിർത്തലിന്‍റെ ഭാഗമല്ലെന്നും ആക്രമണം തുടരുമെന്നുമാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്.
ആഴ്ചകളായി നടന്ന മധ്യസ്ഥ ശ്രമമാണ് വിജയം കണ്ടത്. അമേരിക്ക പ്രഖ്യാപിച്ച അന്ത്യശാസനം അവസാന മണിക്കൂറിൽ എത്തിയതോടെയാണ് പൊടുന്നനെ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. മണിക്കൂറുകൾക്കുള്ളിൽ ഇറാന്‍റെ സർവനാശം ഉണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ലോകമെങ്ങും ആശങ്കയിലായിരുന്നു. ഇറാന്‍റെ വൈദ്യുതി നിലയങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കും എന്നായിരുന്നു മുന്നറിയിപ്പ്. ഇതോടെ അടിസ്ഥാന സൗകര്യങ്ങൾക്കു ചുറ്റും മനുഷ്യമതിൽ തീർക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാനും പ്രഖ്യാപിച്ചിരുന്നു. പാകിസ്താനാണ് മധ്യസ്ഥത നിന്നതെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സാമൂഹിക മാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസീം മുനീറുമായി ചർച്ചകൾ നടത്തിയെന്നും ട്രംപ് വെളിപ്പെടുത്തി. അമേരിക്കയും ഇറാനുമായി നേരിട്ടുള്ള ചർച്ചയ്ക്ക് അരങ്ങൊരുക്കാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഇരുരാജ്യങ്ങളേയും അറിയിച്ചു. ആദ്യം അമേരിക്കയും പിന്നാലെ ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. മണിക്കൂറുകൾക്കു ശേഷം ഇത് അംഗീകരിക്കുന്നതായി ഇസ്രായേലും പ്രഖ്യാപിച്ചു.
ഇറാൻ നൽകിയ പത്തിന നിർദേശങ്ങളിലാണ് തുടർചർച്ചകൾ നടക്കുക. ഉപരോധം പിൻവലിക്കണം, ഊർജ ആവശ്യങ്ങൾക്കുള്ള ആണവ സമ്പുഷ്ടീകരണം തുടരാൻ അനുവദിക്കണം, ഇനി ഇറാനെ ആക്രമിക്കില്ലെന്ന് ഉറപ്പു ലഭിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇറാൻ ഉന്നയിച്ചിരിക്കുന്നത്. സമാധാനത്തിന്‍റെ വഴിയിലേക്ക് മധ്യേഷ്യ നീങ്ങിയത് ആദ്യം പ്രതിഫലിച്ചത് എണ്ണവിലയിലാണ്. ബ്രന്‍റ് അസംസ്കൃത എണ്ണയുടെ വില 14 ഡോളർ കുറഞ്ഞ് വീപ്പയ്ക്ക് 95 ഡോളറിലെത്തി.
