പരസ്യ ചർച്ചകൾ വേണ്ടെന്ന ഹൈക്കമാൻഡ് നിർദേശത്തിന് പിന്നാലെയും കോൺഗ്രസിൽ മുഖ്യമന്ത്രി ആരെന്നതിൽ പരസ്യപ്രതികരണങ്ങൾ സജീവം.. കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിക്കുന്നവർ ചേരി തിരിഞ്ഞാണ് സൈബറിടത്തിൽ പോര്. കെ സി യെ അനുകൂലിച്ച് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ പരസ്യമായി രംഗത്തെത്തിയപ്പോൾ വി ഡി സതീശന് വേണ്ടി സൈബർ ഇടത്തിലാണ് മുറവിളി. എന്നാൽ പരസ്യ ചർച്ചകളോട് പ്രതികരിക്കേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ തീരുമാനം.. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻറാണ്. അനവസരത്തിലെ ചർച്ചകളിൽ പ്രതികരിക്കേണ്ടതില്ലെന്നാണ് കെ സി വേണുഗോപാലിന്റെ നിലപാട്
കെ സി വേണുഗോപാലിനെ അനുകൂലിച്ച് രംഗത്തെത്തിയ കെ സുധാകരനെ പരസ്യമായി തള്ളി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. മുതിർന്ന നേതാക്കളുടെ ചർച്ചകൾ അനവസരത്തിലുള്ളവയാണ്. ഉൾപാർട്ടി ജനാധിപത്യമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും നിലപാട് പാർട്ടിക്കുള്ളിലാണ് പറയേണ്ടതെന്നും സണ്ണി ജോസഫ് പറഞ്ഞു
ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ പരോക്ഷമായി വിമർശിച്ച് സി ആർ മഹേഷ് എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. “ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് ” എന്ന് പണ്ട് അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്. അങ്ങനെ ആവാതെ ഇരിക്കട്ടെ എന്ന് പ്രത്യാശിക്കാമെന്നായിരുന്നു സിആർ മഹേഷി ന്റെ പ്രതികരണം. ചെന്നിത്തല വിഭാഗത്തിലെ കൊല്ലത്തെ പ്രധാനിയാണ് സി ആർ മഹേഷ് എം എൽ എ.
