തിരുവനന്തപുരത്തെ വാഹനാപകട കേസില്‍ നടന് മണിയന്‍പിള്ള രാജുവിന് ക്ലീന്‍ചിറ്റ്. മണിയന് പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയപരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി.
ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം വഴുതയ്ക്കാട് വച്ചാണ് മണിയൻപിള്ള രാജു ഓടിച്ച വാഹനം ബൈക്കിൽ ഇടിച്ചു രണ്ട് പേർക്ക് പരിക്കേറ്റത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വാഹനം അമിതവേഗതയിൽ അല്ലെന്ന് വ്യക്തമായിരുന്നു. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് രണ്ട് മാസം മുൻപ് ശാസ്ത്രീയ പരിശോധനയ്ക്കായി രക്തസാംപിൾ കെമിക്കൽ ലാബിലേക്ക് അയച്ചത്. പക്ഷെ മദ്യപിച്ചെന്ന പൊലീസിന്റെ സംശയം മണിയൻപിള്ള രാജു അന്ന് തന്നെ നിഷേധിച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമെത്തിയ പരിശോധനാഫലത്തിൽ ആല്‍ക്കഹോളിന്റെ സാന്നിധ്യമില്ലെന്നാണ് കണ്ടെത്തൽ.
ഇതോടെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കുറ്റം ഇല്ലാതായി. സാധാരണ വാഹനാപകടം എന്ന നിലയിലാണ് കേസ് ഇനി മുന്നോട്ട് പോവുക. ബൈക്കിൽ ഇടിച്ചശേഷം മണിയൻപിള്ള രാജു കാർ നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. വണ്ടിയോടിച്ചത് മണിയന്‍പിള്ള രാജുവാണെന്ന് അറിഞ്ഞിട്ടും പൊലീസ് അന്ന് രാത്രി അദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ല. സംഭവം വിവാദമായതോടെ പിറ്റേദിവസം രാജു നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. അപകടത്തിൽപെട്ട യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഭയം കൊണ്ടാണ് താൻ വാഹനം നിർത്താതെ പോയതെന്നായിരുന്നു മണിയൻപിള്ളാരാജുവിന്റെ വിശദീകരണം.
