തിരുവനന്തപുരം അമ്പൂരിയില്‍ വിവാഹവാര്‍ഷിക ആഘോഷത്തിനിടെ മകന് അച്ഛനെ തലക്കടിച്ച് കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന് ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. തർക്കം പരിഹരിക്കാൻ എത്തിയ അമ്മാവനും കുത്തേറ്റു.
ഷാനുവിന്റെ വിവാഹവാര്‍ഷിക ദിനമായിരുന്ന ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി ഷാനു മദ്യപിച്ചിരുന്നു. ഇതിനിടെ ഷാനുവും വീട്ടുകാരുമായി വാക്കേറ്റമുണ്ടായി. ഷാനുവിന്റെ അമ്മാവൻ ബിനു വർഗീസ് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മാവനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ തോമസ് എബ്രഹാം മകനെ പിടിച്ചുമാറ്റുന്നതിനിടയിലാണ് വരാന്തയിൽ ഇരുന്ന കസേര ഉപയോഗിച്ച് ഷാനു പിതാവിന്റെ തലക്കടിച്ചത്. തോമസിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു
അതേസമയം, ഷാനു കസേര തറയിലാണ് അടിച്ചതെന്നും തര്‍ക്കത്തിനിടയില്‍ പെട്ട അച്ഛനെ തള്ളുമ്പോള്‍ ചുവരിലും തറയിലും തലയിടിച്ചാണ് മരിച്ചത് എന്നുമാണ് അമ്മ പറയുന്നത്. ആയുര്‍വേദ തെറാപ്പിസ്റ്റായ ഷാനു തോമസ് കോയമ്പത്തൂരിലാണ് ജോലി ചെയ്തിരുന്നത്. മലേഷ്യയിലേക്ക് ജോലിക്ക് പോകാനായി കഴിഞ്ഞ ആഴ്ചയാണ് നാട്ടില്‍ എത്തിയത്.
