വി.ഡി. സവർക്കറെ സ്വാതന്ത്ര്യസമര സേനാനിയായി വിശേഷിപ്പിച്ച ചോദ്യവുമായി എൽപി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരം വിവാദത്തിൽ. കാസർകോട് മഞ്ചേശ്വരം–കുമ്പള വിദ്യാഭ്യാസ ഉപജില്ലയിലെ സോഷ്യൽ സയൻസ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്.
‘ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് വി.ഡി. സവർക്കർ എന്നായിരുന്നു ഉത്തരമായി നൽകിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഭരണകക്ഷി എംഎൽഎ എ.കെ.എം. അഷ്റഫ് രംഗത്തെത്തി. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിക്കൂട്ടിൽ നിർത്താൻ മനപ്പൂർവം ചോദ്യം ഉൾപ്പെടുത്തിയതാണോയെന്ന് സംശയമുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
സവർക്കറെ വിപ്ലവകാരിയായി കുട്ടികളിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണെന്ന വിമർശനവും ഉയർന്നു. സവർക്കറെ സമഗ്ര ദേശീയസ്നേഹിയായി അവതരിപ്പിക്കുന്നത് ആർഎസ്എസ്–ബിജെപി അജണ്ടയാണെന്ന് ലീഗ് നേതാവ് എം.കെ. മുനീറും ആരോപിച്ചു.വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ഭരണകക്ഷിയിൽ നിന്നുതന്നെ വിമർശനം ഉയർന്നതും ശ്രദ്ധേയമായി
