ശബരിമല – മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ പുറപ്പെടാമേൽശാന്തിമാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരം അരീക്കര ഇല്ലത്ത് സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയാണ് പുതിയ ശബരിമല മേൽശാന്തി. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് വടകര ആയടത്തില്ലത്ത് എ. ദാമോദരന് നമ്പൂതിരിയ്ക്കും നറുക്ക് വീണ്ടു. പന്തളം കൊട്ടാരത്തിലെ പ്രതിനിധികളായ കുട്ടികളാണ് നറുക്കെടുത്തത്.
തുലാമാസ പുലരിയിൽ ഉഷപൂജയ്ക്ക്ശേഷം 8 മണിയോടെയാണ് ശബരിമല ശ്രീകോവിലിനു മുന്നിൽ മേൽശാന്തി നറുക്കെടുപ്പ് നടന്നത്. ശബരിമലയിലേക്ക് ഏഴും, മാളികപ്പുറത്തേക്ക് അഞ്ചു പേരുമാണ് അന്തിമ പട്ടികയില് ഇടം പിടിച്ചത്. പേരുകൾ ഉറക്കെ വായിച്ച ശേഷം ശബരിമല സ്പെഷ്യൽ കമ്മീഷണർ ആർ. ജയകൃഷ്ണൻ നറുക്കുകൾ ആക്കി വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. മേൽശാന്തിയെന്നെഴുതിയ ഒരു കുറിപ്പും ബാക്കി ആറ് നറുക്കുകളും മറ്റൊരു വെള്ളിക്കുടത്തിലാക്കി തന്ത്രികണ്ഠരര് ബ്രഹ്മദത്തിന് കൈമാറി. ശബരിമല ശ്രീലകത്തെത്തിച്ച ശേഷം കുടം പുറത്ത്കൊണ്ട് വന്നു. പന്തളം കൊട്ടാരത്തിലെ പ്രതിനിധി ദേവനന്ദൻ അർജുൻ നറുക്കെടുത്തു. മൂന്നാമത്തെ നറുക്കിൽ മേൽശാന്തി എന്ന പേരിനൊപ്പം സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയുടെ പേര് ചേർന്നു. തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ മാളികപ്പുറം അനശ്വര എം രഞ്ജിത്താണ് നറുക്കെടുത്തത്. രണ്ടാമത്തെ നറുക്കില് ദാമോദരന് നമ്പൂതിരിയെ ഭാഗ്യം തുണച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ, ബോർഡ് മെമ്പർമാർ, ദേവസ്വം കമ്മീഷണർ ബി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നറുക്കെടുപ്പ്.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാർ വൃശ്ചിക പുലരിയിൽ നടതുറന്ന് അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കും പൂജാകർമങ്ങൾക്ക് തുടക്കം കുറിക്കും.
