കാസർഗോഡ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ കടുത്ത ക്ഷാമം തുടരുന്നു. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായി അനുവദിച്ച 342 ഡോക്ടർ തസ്തികകളിൽ 172 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ ഡോക്ടർമാരുടെ പകുതി പോലും ജില്ലയിലില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്പെഷ്യാലിറ്റി വിഭാഗത്തിലും സ്ഥിതി ഗുരുതരമാണ്. അനുവദിച്ച 117 സ്പെഷ്യാലിറ്റി ഡോക്ടർ തസ്തികകളിൽ 42 എണ്ണവും 208 അസിസ്റ്റന്റ് സർജൻ തസ്തികകളിൽ 117 എണ്ണവും ഒഴിവാണ്. ഇതുമൂലം വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു സ്വകാര്യ ആശുപത്രികളെയോ കോഴിക്കോട് മെഡിക്കൽ കോളേജിനെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജില്ലയിലെ രോഗികൾ.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 2016 മുതൽ കൺസൾട്ടന്റ് ഫിസിഷ്യന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. കേരളത്തിൽ ആരോഗ്യവകുപ്പിന് കീഴിൽ 24 മണിക്കൂറും പോസ്റ്റുമോർട്ടം നടത്തുന്ന ഏക ആശുപത്രിയായ കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ മാസം ജൂനിയർ സർജനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
2023 മുതൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അനസ്തേഷ്യ വിദഗ്ധന്റെയും ശിശുരോഗ വിദഗ്ധന്റെയും തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്. എൻഡോസൾഫാൻ ദുരന്തബാധിതർ ഉൾപ്പെടെ വലിയൊരു വിഭാഗം രോഗികൾ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ജില്ലയിൽ മുഴുവൻ ഒഴിവുകളും അടിയന്തരമായി നികത്തി ഡോക്ടർമാരെ നിയമിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
