പത്തനംതിട്ടയിൽ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുമ്പനാട് സ്വദേശി 75 വയസുള്ള പൊന്നമ്മ തോമസിനെയാണ് മകൻ ടിജോ തോമസും പെൺസുഹൃത്ത് റിൻസി മോളും ചേർന്ന് കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇരുവരെയും കോയിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു.
കോയിപ്പുറം പൊലീസ് സ്റ്റേഷനിലെത്തിയ അജ്ഞാത ഫോൺ കോളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊന്നമ്മ തോമസ് കൊല്ലപ്പെട്ടത്. ഭാര്യയുമായി പിണങ്ങി അമ്മയ്ക്കൊപ്പം കഴിയുകയായിരുന്ന ടിജോയ്ക്കൊപ്പമാണ് ആറുമാസത്തിലേറെയായി റിൻസി മോൾ താമസിച്ചിരുന്നത്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തടസ്സം പിടിക്കാനെത്തിയ പൊന്നമ്മയെ ടിജോ നെഞ്ചിൽ ചവിട്ടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. തുടർന്ന് സ്വാഭാവിക മരണമാക്കി മാറ്റാൻ ശ്രമിച്ചു.മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പുറത്തെടുത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലും ക്രൂരമായ മർദനമാണ് മരണകാരണമെന്ന നിഗമനത്തിലെത്തി. വിശദമായ ചോദ്യംചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
