ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുചർച്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. കൂത്തുപറമ്പ് സഖാക്കളെ ഡിവൈഎഫ്ഐ നേതൃത്വം മറന്നെന്ന് കണ്ണൂർ ഘടകം ആരോപിച്ചു. റവാഡ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചപ്പോൾ സംഘടന മൗനം പാലിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.പി.എം. ശ്രീ വിഷയത്തിലും ഡിവൈഎഫ്ഐ തിരുത്തൽ ശക്തിയാകാനായില്ലെന്ന് വിമർശനമുയർന്നു. എസ്.എഫ്.ഐ പോലും ഇടതുസർക്കാർ നയത്തെ വിമർശിച്ചപ്പോൾ ഡിവൈഎഫ്ഐ മൗനം പാലിച്ചെന്നായിരുന്നു ആരോപണം.
പുതിയ തലമുറയെ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ലെന്നും നേതാക്കളുടെ വസ്ത്രധാരണത്തിൽ പോലും മാറ്റം വേണമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സംഘടനയിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കണമെന്നും നേതൃനിരയിലെ പലർക്കും പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകളും രാഷ്ട്രീയ വിദ്യാഭ്യാസവും കുറവാണെന്നും വിമർശനമുണ്ടായി.രാജ്യത്തെ വിവിധ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രതിഷേധങ്ങളുമായി മുന്നോട്ടുവരാൻ ഡിവൈഎഫ്ഐ തയ്യാറാകണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പൊതുചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മറുപടി നൽകും. സമ്മേളനം നാളെ സമാപിക്കും
