കിഫ്ബിയെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ഭൂമിയിടപാടുകളിൽ സർക്കാർ സമഗ്ര അന്വേഷണത്തിനൊരുങ്ങുമ്പോൾ കണ്ണൂരിൽ സ്ഥലം ഏറ്റെടുത്തതിൽ തെറ്റില്ലെന്നാണ് തോമസ് ഐസകിന്റെ ന്യായീകരണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്ന് ബിജെപിയും ആരോപിക്കുന്നു.
ഇടത് സർക്കാർ അഭിമാന പദ്ധതിയായി ഉയർത്തിക്കാണിച്ച കിഫ്ബിയിലെ ഭൂമി ഏറ്റെടുക്കലിലും നിയമനങ്ങളിലും ഗുരുതര ക്രമക്കേടുകളെന്നാണ് കണ്ടെത്തൽ. അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമിയെന്ന ആരോപണം സർക്കാർ ഗൗരവമായി കാണുന്നു. വിജിലൻസ് അന്വേഷണം ഉടൻ പ്രഖ്യാപിച്ചേക്കും. ജനങ്ങളുടെ പണം ധൂർത്തടിച്ച് ഉത്തരവാദിത്തത്തിൽനിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടെന്ന് ആഭ്യന്തര മന്ത്രി.
വികസന പദ്ധതികൾക്കായി കണ്ണൂരിൽ ഭൂമി ഏറ്റെടുക്കുന്നതിൽ തെറ്റെന്താണ് എന്ന് മുൻ ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ ആരോപണങ്ങളിൽ യുക്തിയില്ലെന്നും ഐസക് കുറ്റപ്പെടുത്തുന്നു.
കിഫ്ബിയുടെ മറവിൽ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നതെന്നാണ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസിന്റെ ആരോപണം. യുഡിഎഫ് സർക്കാർ നടത്തുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കൃഷ്ണദാസ്.
യു ഡി എഫ് സർക്കാർ കിഫ്ബിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് സിപിഐഎം കുറ്റപ്പെടുത്തുമ്പോൾ കിഫ്ബി അടിമുടി തട്ടിപ്പായിരുന്നുവെന്ന നിലപാടിലാണ് സർക്കാർ. വരും ദിവസങ്ങളിൽ സഭയിലും പുറത്തും കിഫ്ബി സജീവചർച്ചയാകുമെന്നുറപ്പ്.
