കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാ കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ ഒളിയിടം സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക സൂചന ലഭിച്ചു. പ്രതിയെ പിടികൂടാൻ ആന്ധ്രപ്രദേശ് കേന്ദ്രീകരിച്ച് ക്രൈം ബ്രാഞ്ച് വ്യാപക അന്വേഷണം നടത്തുകയാണ്.ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെയാണ് അന്വേഷണം കൂടുതൽ ഊർജിതമായത്. ഉന്നതതലത്തിലുള്ള ചിലരുടെ സഹായത്തോടെയാണ് പ്രതി ഒളിവിൽ കഴിയുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
നിതിൻ രാജ് ജീവനൊടുക്കി 97 ദിവസം പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതിയെ പിടികൂടാനാകാത്തത് അന്വേഷണ സംഘത്തിനെതിരെ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. അതേസമയം, പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്.2026 ഏപ്രിൽ 10-നാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഡോ. എം.കെ. റാമിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അന്വേഷണം തുടരുകയാണ്.
