അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യാക്കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം ആന്ധ്രപ്രദേശിലേക്ക് വ്യാപിപ്പിച്ചു. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പ്രതിയെ പിടികൂടാനുള്ള നീക്കങ്ങൾ കൂടുതൽ ശക്തമാക്കിയത്.
2026 ഏപ്രിൽ 10-നാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് മരിച്ചത്. സംഭവം നടന്ന് 97 ദിവസം പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഒളിവിലാണ്. റാം ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ഒളിവിൽ കഴിയുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് സംഘം ചിറ്റൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.
ഉന്നതതലത്തിലുള്ള ചില ബന്ധങ്ങളുടെ സഹായത്തോടെയാണ് ഡോ. എം.കെ. റാം ഒളിവിൽ കഴിയുന്നതെന്ന സംശയവും അന്വേഷണസംഘം നേരത്തെ പ്രകടിപ്പിച്ചിരുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് ക്രൈം ബ്രാഞ്ച്. അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
