വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പിൽ അക്രമിയെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സ്വദേശിയായ കോൾ ടോമസ് അലൻ (31) എന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇയാൾ ഒരു എഞ്ചിനീയറാണെന്നാണ് പ്രാഥമിക വിവരം.
വൈറ്റ് ഹൗസിൽ ട്രംപ് ഒരുക്കിയ അത്താഴവിരുന്നിനിടെയാണ് സംഭവമുണ്ടായത്. പ്രധാന ഹാളിൽ പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും ഒത്തുചേർന്നപ്പോൾ വെടിയൊച്ച കേൾക്കുകയായിരുന്നു. ഹോട്ടലിന്റെ സുരക്ഷാ പരിശോധന കേന്ദ്രത്തിന് സമീപം തുടരെ എട്ടോളം തവണ വെടിയൊച്ച കേട്ടു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇതോടെ ഹാളിലുണ്ടായിരുന്ന അതിഥികൾ പരിഭ്രാന്തരായി മേശകൾക്ക് അടിയിലൊളിച്ചു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് തുടങ്ങി പ്രമുഖരെ ഉടൻ തന്നെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. അക്രമിയെ നേരിടുന്നതിനിടെ സുരക്ഷാ ജാക്കറ്റിൽ വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയെ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ഷോട്ട്ഗൺ, ഹാൻഡ് ഗൺ തുടങ്ങി ഒന്നിലധികം ആയുധങ്ങൾ കണ്ടെടുത്തി. ഇയാൾ ഒറ്റയ്ക്കാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അധികൃതർ പറയുന്നു. ഇയാൾക്ക് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വൈറ്റ് ഹൗസ് വെടിവെപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും അതിനെ അപലപിക്കണമെന്നും മോദി പറഞ്ഞു. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് എന്നിവർ സുരക്ഷിതരാണെന്നതിൽ ആശ്വാസമുണ്ട്. അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ആശംസകൾ നേരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
