കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ നിധിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഡോ. എം.കെ റാം ഹൈക്കോടതിയെ സമീപിക്കും. തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി കോടതി റാമിന് ജാമ്യം നിഷേധിച്ചത്. ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
സംഗീതയ്ക്ക് ജാമ്യം അനുവദിച്ച കോടതിവിധിയിൽ തൃപ്തിയില്ലെന്ന് പിതാവ് രാജൻ ബിഗ്ടിവിയോട് പ്രതികരിച്ചിരുന്നു. സംഗീതയ്ക്ക് ജാമ്യം ലഭിച്ചതിൽ നിരാശയുണ്ട്. അവർക്ക് പൊലീസ് സംരംക്ഷണം ഒരുക്കി. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് വൻ വീഴ്ചയാണ്. ആരെയോ രക്ഷപ്പെടുത്താനാണ് പൊലീസിൻ്റെ ശ്രമം. തെളിവുകൾ ഉണ്ടായിട്ടും ഉരുണ്ടുകളിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചു. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും നിധിൻ്റെ പിതാവ് രാജൻ പറഞ്ഞു.
ഇതിനിടെ നിധിൻ രാജിൻ്റെ മരണത്തിൽ ദലിത് സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചു. ഈ മാസം 28 ന് 58 ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, 10 കോടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉയർത്തുന്നത്. കേസിൽ പൊലീസ് ഒളിച്ചു കളിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു. പ്രതികളെ മനഃപൂർവം പിടികൂടുന്നില്ല. 14 ജില്ലകളിലും പൊലീസിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു.
