വ്യവസായി ബോബി ചെമ്മണ്ണൂർ പ്രതിയായ ലൈംഗികാതിക്രമക്കേസ് ഒത്തുതീർപ്പിലേക്ക്. ബോബി ചെമ്മണ്ണൂർ പരസ്യമായി മാപ്പ് പറഞ്ഞത് അംഗീകരിച്ച പരാതിക്കാരിയായ നടി കേസ് പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു. നടി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.2025 ജനുവരിയിലാണ് നടി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയത്. തുടർച്ചയായി ദ്വയാർഥ പ്രയോഗങ്ങൾ നടത്തി അപമാനിച്ചുവെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.
പരാതിക്ക് പിന്നാലെ വയനാട്ടിലെ റിസോർട്ടിൽ നിന്ന് അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ഏഴ് ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. പിന്നീട് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് ബോബിയെയും അഭിഭാഷകരെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികളിലേക്ക് കേസ് കടക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ പരസ്യ മാപ്പപേക്ഷയും തുടർന്ന് ഒത്തുതീർപ്പും ഉണ്ടായത്.
