സംസ്ഥാന സർക്കാർ അറിയാതെ വിഴിഞ്ഞത്തെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പിന് കഴിയുമോ? ഒന്നുമറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ആണയിടുകയാണ്. 2015ൽ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവച്ച വിഴിഞ്ഞം കരാർ തന്നെയാണ് അദാനി ഗ്രൂപ്പിന് ഈ ഇടപാടിന് കരുത്ത് നൽകുന്നത്. സംസ്ഥാന സർക്കാർ വലിയ തോതിൽ പണം ചെലവഴിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതെങ്കിലും അദാനി ഗ്രൂപ്പിന്‍റ കൈകളിലെ ഓഹരികൾ വിൽക്കാൻ സംസ്ഥാനം അറിയേണ്ടതില്ല. ഭൂരിപക്ഷ ഓഹരിക്കു തൊട്ടുതാഴെയാണ് വിൽപന എന്നതിനാൽ ഉടമസ്ഥാവകാശം മാറുന്നില്ല എന്ന സാങ്കേതിക ന്യായമാണ് കമ്പനി നിരത്തുന്നത്. അതുകൊണ്ടാണ് കൃത്യം 49 ശതമാനം ഓഹരികൾ വിറ്റൊഴിച്ചത്.
എംഎസ് സി പോലുള്ള വമ്പൻ കമ്പനിയാണ് വരുന്നതെങ്കിലും സംസ്ഥാന സർക്കാരിനെ ഇരുട്ടിൽ നിർത്തി നടത്തിയ ഇടപാട് നാണക്കേടായി മാറിയിരിക്കുകയാണ്. വിഴിഞ്ഞത്തിന്‍റെ അപാരമായ സാധ്യതകൾ തന്നെയാണ് എംഎസ് സിയെ കേരളത്തിലേക്ക് ആകർഷിച്ചത്. പതിമൂവായിരം കോടിയിലേറെ രൂപ വിഴിഞ്ഞത്ത് നിക്ഷേപിക്കുമ്പോൾ വലിയ വികസനമാണ് എംഎസ് സി പ്രതീക്ഷിക്കുന്നത്. ഭാവിയിൽ തെക്കെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായി മാറാനുള്ള സാധ്യതയാണ് തെളിഞ്ഞുവരുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് റോമാസാമ്രാജ്യത്തിന്‍റെ കച്ചവടക്കപ്പലുകൾ വന്നണഞ്ഞതീരമാണ് വിഴിഞ്ഞം. അന്നത്തെ അതേ ആകർഷണീയതയാണ് വിഴിഞ്ഞത്തിന് ഇപ്പോഴും ഉള്ളതെന്നാണ് എംഎസ് സിയുടെ വരവ് കാണിക്കുന്നത്. എന്തുകൊണ്ട് എംഎസ് സി വന്നു എന്നു ചോദിച്ചാൽ അതിന് വിഴിഞ്ഞത്തിന്‍റെ സവിശേഷതകൾ തന്നെയാണ് ഉത്തരം.
ഇരുപത്തിനാലു മീറ്റർ വരെ ആഴമുള്ള സ്വാഭാവിക തുറമുഖം എന്ന നിലയിലാണ് എംഎസ് സി എത്തുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം തുറമുഖങ്ങളുടേയും ആഴം 10 മീറ്ററും അതിൽ താഴെയുമാണ്. വലിയ കപ്പലുകൾ അടുക്കാനായി തുറമുഖത്തിന്‍റെ ആഴം കൂട്ടുകയാണ്, അഥവാ ഡ്രജിങ് നടത്തുകയാണ്, സാധാരണ എല്ലായിടത്തും ചെയ്യുന്നത്. കൊച്ചിയിലെ വില്ലിങ്ടൺ ഐലൻഡ് രൂപപ്പെട്ടതു തന്നെ ഇങ്ങനെ തുറമുഖത്തിനായി ആഴം കൂട്ടിയാണ്. വിഴിഞ്ഞം ജന്മനാ തന്നെ നല്ല ആഴമുള്ള തുറമുഖമാണ്. യൂറോപ്പിനേയും ഗൾഫിനേയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ് സമീപത്തുകൂടി പോകുന്നത്. വെറും 10 നോട്ടിക്കൽ മൈൽ, അതായത് 19 കിലോമീറ്റർ മാത്രമാണ് വിഴിഞ്ഞത്തേക്കുള്ള ദൂരം. ഇന്ത്യയിൽ രാജ്യാന്തര കപ്പൽച്ചാലിനോട് ഇത്രയും അടുത്തു നിൽക്കുന്ന വേറൊരു തുറമുഖവുമില്ല.
ഇതു പ്രകൃതി പണിതിട്ടിരിക്കുന്ന തുറമുഖമാണെന്നതാണ് എംഎസ് സി പോലുള്ള വമ്പന്മാർ കാണുന്ന ആനുകൂല്യം. ആഴത്തിനാഴവും അടുപ്പത്തിനടുപ്പവും ജന്മനാ ഉണ്ടെന്നർത്ഥം. അതിൽ കുറച്ച് തട്ടുംമുട്ടും മാത്രമേ സംസ്ഥാന സർക്കാരിനും അദാനി പോർട്സിനും ചെയ്യേണ്ടി വന്നിട്ടുള്ളു. മദർഷിപ്പുകൾ അടുക്കാനുള്ള തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞത്തെ രാജ്യാന്തര കമ്പനികൾ കാണുന്നത്. നിരവധി ചെറുകപ്പലുകൾക്കു വേണ്ടത്ര ചരക്ക് കൊള്ളുന്ന വമ്പൻ കപ്പലുകളാണ് മദർഷിപ്പുകൾ. സാധാരണ തുറമുഖങ്ങളിൽ, ഉദാഹരണത്തിന് കൊച്ചിയിലെ പഴയ രാജീവ് ഗാന്ധി കണ്ടെയ്നർ ടെർമിനൽ പോലുള്ളവ, അടുക്കുന്നത് ചെറുതും ഇടത്തരം വലിപ്പവും ഉള്ള കപ്പലുകളാണ്. പനമാക്സ് എന്ന് അറിയപ്പെടുന്ന പനാമാ കടലിടുക്കിലൂടെ പോകാൻ തക്ക വലിപ്പമുള്ള കപ്പലുകളുണ്ട്. അവയിൽ 4000-5000 ടിഇയു ആണ് കൊള്ളുക. ഒരു ടിഇയു എന്നു പറഞ്ഞാൽ ട്വന്‍റി ഇക്വലന്‍റ് യൂണിറ്റാണ്. അതായത് 20 അടി വലിപ്പമുള്ള കണ്ടെയ്നർ എന്നർത്ഥം. അത്തരം 4000 മുതൽ 5000 വരെ കണ്ടെയ്നറുകൾ ആണ് പനമാക്സ് സൈസുള്ള കപ്പലുകളിൽ കയറുക. പോസ്റ്റ് പനാമാക്സ് എന്ന് അറിയപ്പെടുന്നവ അൽപ്പം കൂടി വലുതാണ്. 6400 ടിഇയു ആണ് ശേഷി. ഇത്തരം കപ്പലുകളൊക്കെ വിഴിഞ്ഞത്തേക്കു വരാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്.
സ്യൂമാക്സ് എന്ന് അറിയപ്പെടുന്ന കപ്പലുകളുണ്ട്. ഇവയാണ് വലിപ്പത്തിലെ ഇടത്തരം. അതിൽ ഇരുപതടി നീളമുള്ള 12,000 കണ്ടെയ്നറുകൾ ഉൾക്കൊള്ളാൻ കഴിയും. സ്യൂമാക്സിനും മേലാണ് മദർഷിപ്പുകൾ. 15,000 മുതൽ 24,000 കണ്ടെയ്നറുകൾ വരെയാണ് ഇവയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുക. എംഎസ് സി ഐറീനയാണ് ഇപ്പോഴുള്ളതിൽ ഏറ്റവും വലിയ മദർഷിപ്പ്. അതിൽ 24,346 കണ്ടെയ്നറുകൾ കയറ്റാം. തുറമുഖത്തേക്കു മാത്രമല്ല, ചെറുകപ്പലുകളിലേക്കും നേരിട്ടു കണ്ടെയ്നർ മാറ്റാൻ കഴിയും. തീരത്ത് ഇറക്കാതെ തന്നെ കപ്പലുകളിലേക്ക് മാറ്റാം എന്നതിനാൽ സമയം മാത്രമല്ല ചെലവും ലാഭിക്കാം. ഏറ്റവും വലിയ മദർഷിപ്പായ എംഎസ് സി ഐറീനയുടെ കാര്യമെടുത്താൽ നീളം മാത്രം 399.99 മീറ്ററാണ്. ഏകദേശം 400 മീറ്റർ നീളം എന്നു പറയാം. ഒരു അത്ലറ്റിക് ട്രാക്ക് നിവർത്തി വച്ചാൽ ഉണ്ടാകുന്ന ദൂരമാണ് 400 മീറ്റർ.
ഐറീനയുടെ ആഴം അഥവാ ഡ്രാഫ്റ്റ്, അല്ലെങ്കിൽ മൊത്തം ഉയരം എന്നു പറയാം. അത് 16 മീറ്റർ ആണ്. വിഴിഞ്ഞത്തിന് 24 മീറ്റർ വരെ ആഴമുണ്ടെന്ന് നമ്മൾ കണ്ടു. വിഴിഞ്ഞം പോലൊരു തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ ഐറീന് സസുഖം വന്നു നിൽക്കാം എന്നർത്ഥം. ഇന്ത്യയിലെ മറ്റു തുറമുഖങ്ങൾക്കൊന്നും സ്വാഭാവികമായി ഇത്രആഴമില്ല. അതാണ് വിഴിഞ്ഞത്തെ വേറിട്ടു നിർത്തുന്നത്. മൂന്നു കിലോമീറ്ററിലേറെ നീളത്തിൽ തിരതാങ്ങി, അഥവാ ബ്രേക് വാട്ടേഴ്സ്, ഉള്ള തീരമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏഴര മീറ്റർ ഉയരത്തിലാണ് ഈ തിരതാങ്ങി നിർമിച്ചിരിക്കുന്നത്.
